'ബിനാമി വായ്പകൾ നൽകിയിട്ടില്ല, വിശ്വസിച്ചവർ ചതിച്ചു'; അനിലിന്റെ ആത്മഹത്യാക്കുറിപ്പിലെ നിർണായക ഭാഗങ്ങൾ പുറത്ത്
തിരുവനന്തപുരം: ജീവനൊടുക്കിയ നഗരസഭാ കൗൺസിലറും സഹകരണസംഘം പ്രസിഡന്റുമായ ബിജെപി നേതാവ് തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആത്മഹത്യാക്കുറിപ്പിന്റെ നിർണായക ഭാഗങ്ങൾ പുറത്തുവന്നിരിക്കുന്നത്. രണ്ടു പേജുകളിലായാണ് കുറിപ്പുളളത്. തന്റെ ഭാഗത്തുനിന്ന് യാതൊരു സാമ്പത്തിക ബാദ്ധ്യതയും വന്നിട്ടില്ലെന്ന് അനിൽ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണസംഘത്തിലെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് അനിൽ ജീവനൊടുക്കിയത്.
'ബിനാമി വായ്പകൾ നൽകിയിട്ടില്ല. പ്രസ്ഥാനത്തെയും പ്രവർത്തകരെയും വഞ്ചിച്ചിട്ടില്ല. വിശ്വസിച്ചവർ ചതിച്ചു. ധാരാളം പണം പിരിഞ്ഞ് കിട്ടാനുണ്ട്. പല കാരണത്താൽ തിരിച്ചടവ് മുടങ്ങുന്നു. കഴിഞ്ഞ കുറേ നാളുകളായി ഞാൻ പ്രസിഡന്റായിട്ടുളള ഫാം ടൂറിസം സൊസൈറ്റി സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പഴയതുപോലെ വരുമാനമില്ല. മാനസിക സംഘർഷം താങ്ങാനാകുന്നില്ല'- അനിൽ കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ആരുടേയും പേര് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടില്ല.
അതേസമയം, ബിജെപിയാണ് അനിലിന്റെ മരണത്തിനുപിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. അനിലിന്റെ ആത്മഹത്യയെ രാഷ്ട്രീയ മുതലെടുപ്പിന് വിനിയോഗിക്കുന്ന നിലപാടാണ് ബിജെപിയുടേതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതുപോലെ മനഃസാക്ഷിയില്ലാത്ത ഒരു പാർട്ടിയെ മുൻപ് കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ സിപിഎമ്മും പൊലീസുമാണ് അനിലിന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ച് മാർച്ചിനൊരുങ്ങുകയാണ് ബിജെപി. തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനൊരുങ്ങുന്നത്.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അനിലിനെ വാർഡ് കമ്മിറ്റി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആർഎസ്എസ് പ്രവർത്തകനായി പൊതുരംഗത്തെത്തിയ അനിൽ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. 2015ൽ തൃക്കണ്ണാപുരം വാർഡിൽ നിന്നും 2020ൽ തിരുമലയിൽ നിന്നും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡറുമാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കോർപ്പറേഷനിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു.