മലയാളികളെയടക്കം ബാധിക്കും; സ്‌കൂളുകളിൽ പുതിയ നിരോധനം ഏർപ്പെടുത്തി യുഎഇ
അബുദാബി: മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ കുടുംബത്തോടൊപ്പം പ്രവാസജീവിതം നയിക്കുന്ന ഗൾഫ് രാജ്യമാണ് യുഎഇ. ദിനംപ്രതി ആയിരക്കണക്കിന് പേർ തൊഴിലിനും പഠനത്തിനും കുടിയേറ്റത്തിനുമായി യുഎഇയിലേയ്ക്ക് വിമാനം കയറുകയും ചെയ്യുന്നു. ഇപ്പോഴിതാ ഇന്ത്യക്കാരെ ഉൾപ്പെടെ ബാധിക്കുന്ന നിരോധനം ശക്തമാക്കിയിരിക്കുകയാണ് യുഎഇ സർക്കാർ. യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ ഫുഡ് ഡെലിവറി സർവീസുകൾ നിരോധിച്ചിരിക്കുകയാണ്.
കുട്ടികളിൽ ആരോഗ്യപരമായ ഭക്ഷണരീതി ശീലമാക്കുന്നതിനാണ് ഓൺലൈൻ ഫുഡ് വിതരണം സ്‌കൂളുകളിൽ അവസാനിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സ്‌കൂൾ കാന്റീനുകളിൽ പോഷകസമൃദ്ധമായ ആഹാരം നൽകുന്നതിനാൽ വിദ്യാർത്ഥികൾ ഓൺലൈനിലൂടെ ആഹാരം വരുത്തുന്നത് അനുവദിക്കില്ല. കാന്റീനുകളിൽ ആഹാരത്തിന് കുറവ് വരാത്തതിനാൽ പുറത്തുനിന്ന് ആഹാരം വാങ്ങേണ്ട ആവശ്യമുണ്ടാകുന്നില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവയുടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സ്‌കൂൾ കാന്റീനുകളിൽ ആഹാരം തയ്യാറാക്കുന്നത്. സാംസ്‌കാരിക മുൻഗണനകൾ, അലർജിയിൽ നിന്ന് സുരക്ഷ, വൃത്തി തുടങ്ങിയവയ്ക്കും മുൻഗണന നൽകുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
അബുദാബിയിലെ വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (എ ഡി ഇ കെ) അക്കാദമിക് ടേമിന്റെ തുടക്കത്തിൽ സ്കൂളുകളിൽ പുതിയ നിയമങ്ങൾ അവതരിപ്പിച്ചിരുന്നു. സ്കൂൾ സമയങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണ സേവനങ്ങൾ നിരോധിക്കുന്നത് ഉൾപ്പെടെ ആരോഗ്യകരമായ ഭക്ഷണ നയങ്ങൾ കർശനമാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.