അച്ഛനുരുവിട്ട മന്ത്രങ്ങൾ ഹൃദയത്തിലേന്തി ആറുവയസുകാരൻ, ഇന്ന് ആരിലും വിസ്മയം തീർക്കുന്ന ദേവീ ഉപാസകൻ
"ഓം ഹ്രീം നമഃശിവായ
ഓം ഹ്രീം ദുർഗായെ നമ:
ഓം ശങ്കരീ...
ശംഖുമുഖത്ത് വാഴുന്ന പരമേശ്വരീ...
ചന്ദ്രകലാധരീ.... പ്രസീദ പ്രസീദ പരമേശ്വരീ......"
ഏഴു തിരിയിട്ട നിലവിളക്കുകൾ ചൊരിയുന്ന പ്രഭാവലയത്തിൽ ദേവീമന്ത്രങ്ങൾ മുഴങ്ങുന്നു. ദിവ്യ തേജസോടെ അനുഗ്രഹം ചൊരിഞ്ഞ് ദേവീ വിഗ്രഹം. ദേവീ മന്ത്രങ്ങൾക്കൊപ്പം ഉയർന്നു കേൾക്കുന്ന മണിനാദം. ദേവിക്കും മറ്റു ഉപാസനാ മൂർത്തികൾക്കും ദീപാരാധന നടത്തി തിരുനടയ്ക്ക് പുറത്തേക്കിറങ്ങുകയാണ് ഒരു പതിനൊന്നു വയസുകാരൻ. അനർഗളം ഒഴുകിയ മന്ത്രോച്ചാരണങ്ങൾ ആ പൂജാമുറിയിൽ നിന്ന് മുഴങ്ങിയത് ഈ ബാലന്റെ നാവിൽ നിന്നാണോ എന്ന് സംശയിച്ചു പോയാൽ അതിൽ അത്ഭുതമില്ല. തിരുവനന്തപുരം ശംഖുംമുഖം വെട്ടുകാട് - കണ്ണാന്തുറ ബീച്ച് റോഡിൽ കൃഷ്ണപുരത്ത് ഷിബു കുമാറിന്റെയും പൂജയുടെയും മകനാണ് അഭിഷേക് ഷിബുകുമാർ എന്ന ഈ 11 കാരൻ.
2019ൽ ആറാം വയസിൽ തുടങ്ങിയതാണ് അഭിഷേക് എന്ന അപ്പുവിന്റെ ദേവീ ഉപാസന. അതിന് പ്രേരകമായതാകട്ടെ അച്ഛൻ ഷിബുവും. തിരുവിതാകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശംഖുമുഖം ദേവീ ക്ഷേത്രത്തിലെ നിത്യസാന്നിദ്ധ്യമായിരുന്നു ഒരിക്കൽ ഷിബു. ദേവിയുടെ അചഞ്ചല ഭക്തനായ ഷിബു ക്ഷേത്രകാര്യങ്ങളും പൂജാ വിധികളും സ്വയം പഠിച്ചെടുത്തിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഷിബു ദേവിയെ വീട്ടിലെ പൂജാമുറിയിൽ ഉപാസിച്ച് തുടങ്ങി. ആ ഉപാസനയാണ് ഇന്ന് മകൻ അപ്പുവിലൂടെ തുടരുന്നത്.
അച്ഛനിൽ നിന്നും അമ്മയിൽ നിന്നുമാണ് മന്ത്രങ്ങളും പൂജാവിധികളും പഠിച്ചതെന്ന് അപ്പു പറയുന്നു. കുഞ്ഞുന്നാളുകളിൽ മറ്റു കുട്ടികൾ ടെഡി ബെയറിനും പാവകൾക്കും പന്തിനും വേണ്ടി വാശിപിടിക്കുമ്പോൾ അപ്പു ആവശ്യപ്പെട്ടിരുന്നത് പൂജയ്ക്കുള്ള മണിയും വിളക്കും കിണ്ടിയും പൂക്കളുമായിരുന്നുവെന്ന് അമ്മ പൂജ ഓർക്കുന്നു. മൂന്നു - നാലു വയസിൽ തന്നെ ദേവിക്ക് പൂജ ചെയ്യാൻ അച്ഛനൊപ്പം കൂടിയ അപ്പു ആറാം വയസിൽ ഒറ്റയ്ക്ക് പൂജാകർമ്മങ്ങൾ ചെയ്തു തുടങ്ങി എന്നത് ഇന്നും വീട്ടുകാർക്കും നാട്ടുകാർക്കും അദ്ഭുതമാണ്. പരിണിത പ്രജ്ഞനായ ഒരു തന്ത്രിയുടെ ഭാവഗരിമയോടെ ആ നാവിൽ നിന്ന് ഉയരുന്ന ദേവീ മന്ത്രങ്ങൾ ഭക്ത മനസുകളിൽ നിറയ്ക്കുന്നത് ഭക്തിയുടെ ആനന്ദലഹരിയാണ്.
ശംഖുംമുഖം ദേവീ വിഗ്രഹത്തിനൊപ്പം മറ്റു വിഗ്രഹങ്ങളും പൂജാമുറിക്ക് ഒരഭൗമ ചൈതന്യം നൽകുന്നു. ശിവലിംഗം, ബുദ്ധൻ, ശ്രീനാരായണ ഗുരു, മൂകാംബിക ദേവി, എന്നീ വിഗ്രഹങ്ങൾക്കൊപ്പം ക്രിസ്തുമതത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപവും പൂജാമുറിയിൽ ഉണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. പൂജാ മന്ത്രജപങ്ങളിൽ നാരായണ ഗുരുവിനും ബുദ്ധദേവനും ശിവനുമൊപ്പം സെബസ്ത്യാനോസിന്റെ നാമവും മുഴങ്ങുന്നത് ഇവിടെയല്ലാതെ മറ്റൊരിടത്തും ദർശിക്കാനാവില്ല. സെബസ്ത്യാനോസിന്റെ ഭക്തൻ കൂടിയാണ് ഷിബു. അപ്പോൾ ആ വിശുദ്ധനെ എങ്ങനെ മാറ്റിനിറുത്താനാകും എന്ന് ഷിബു ചോദിക്കുന്നു. സർവമത സാരവുമേകം എന്ന ഗുരുവചനത്തിന്റെ സാക്ഷാത്കാരം കൂടിയാണ് കൃഷ്ണപുരം വീട്ടിൽ കാണാൻ കഴിയുന്നത്. ദേവിയ്ക്കുള്ള നൈവേദ്യം തയ്യാറാക്കുന്നതും അപ്പു തന്നെയാണ്. അത് പഠിച്ചതും അച്ഛനിൽ നിന്ന് തന്നെ. പായസമായാലും തെരളി അപ്പമായാലും ഒരു ഉപാസന എന്ന പോലെയാണ് അപ്പു ആ കടമ നിർവഹിക്കുന്നത് എന്ന് ഷിബു പറയുന്നു.
രണ്ടുമൂന്നു വയസിൽ തന്നെ എല്ലാകാര്യങ്ങളെ കുറിച്ചും ചോദിച്ച് മനസിലാക്കാനുള്ള വാസന അഭിഷേക് കാണിച്ചിരുന്നുവെന്ന് അമ്മ പൂജ പറഞ്ഞു. ദേവിയെ കുറിച്ചും മന്ത്രങ്ങളെ കുറിച്ചും മാത്രമല്ല, ചുറ്റിലും കാണുന്ന എന്തിനെക്കുറിച്ചും അവൻ എപ്പോഴും മനസിലാക്കാൻ ശ്രമിക്കാറുണ്ടെന്നും പൂജ കൂട്ടിച്ചേർത്തു. വെട്ടുകാട് സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേക് പഠനത്തിലും മുന്നിലാണ്. തന്ത്ര വിദ്യ പഠിക്കണമെന്നുള്ള ആഗ്രഹമൊന്നും അഭിഷേകിനില്ല. അച്ഛനും അമ്മയ്ക്കും അതേ നിലപാടാണ് . ഭാവിയിൽ മകന് അങ്ങനെ ചെയ്യണമെന്ന് തോന്നിയാൽ പിന്തുണയ്ക്കുമെന്നും ഷിബു പറയുന്നു. ജഡ്ജി ആകണമെന്നാണ് അഭിഷേകിന്റെ ആഗ്രഹം. സഹോദരി അഭിരാമി വെട്ടുകാട് സെന്റ് മേരീസ് സ്കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
തിരുവിതാംകൂർ രാജകുടുംബത്തിന്റെ സ്നേഹവും കരുതലും തനിക്ക് എന്നും തുണയായ് കൂടെയുണ്ടെന്ന് ഷിബു പറയുന്നു. എല്ലാ മലയാള മാസം ഒന്നാംതീയതിയും പൗർണമി നാളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് കൃഷ്ണപുരത്ത് ദേവീപൂജ നടത്തുന്നത്. കൂടാതെ നവരാത്രി ഉത്സവ നാളുകളിൽ ദുർഗാഷ്ടമി മുതൽ വിജയദശമി വരെ ശംഖുംമുഖം ദേവീക്ഷേത്രത്തിൽ നടത്തുന്ന എല്ലാ പൂജാവിധികളോടും കൂടി ഇവിടെയും പൂജാകർമ്മങ്ങൾ ഒരനുഷ്ഠാനം പോലെ ഇന്നും തുടരുന്നു.