'നിർഭയർ'​,​ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ വൈറലായി ഗംഭീറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി

Monday 22 September 2025 1:27 PM IST

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ ആറ് വിക്കറ്റിന്റെ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം തവണയാണ് പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നത്. വിജയത്തിന് പിന്നാലെ, ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

വിജയത്തിന് ശേഷം ഗൗതം ഗംഭീർ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അഭിഷേകിന്റെയും ഗില്ലിന്റെയും ചിത്രങ്ങൾ പങ്കുവച്ച് 'നിർഭയർ' (Fearless) എന്ന് കുറിച്ചതാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ത്യൻ ടീമിന്റെ ധീരമായ പ്രകടനത്തെയാണ് ഗംഭീർ ഈ വാക്കുകളിലൂടെ വിശേഷിപ്പിച്ചത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, മുൻ താരങ്ങളായ ഇർഫാൻ പത്താൻ, ഹർഭജൻ സിംഗ്, സഞ്ജയ് മഞ്ജരേക്കർ, യുവരാജ് സിംഗ് എന്നിവരും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടം ഏകപക്ഷീയമായിരുന്നുവെങ്കിലും സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാൻ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 171/5 എന്ന മികച്ച സ്കോർ നേടി. ഇന്ത്യക്കെതിരെ ട്വി 20യിൽ പാകിസ്ഥാന് ഏറ്റവും ഉയർന്ന സ്കോറാണിത്. സാഹിൽസാദ ഫർഹാന്റെയും (58), ഫഹീം അഷ്‌റഫിന്റെയും (20*) വെടിക്കെട്ട് പ്രകടനമാണ് പാകിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. എന്നാൽ, വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി ഓപ്പണർമാരായ അഭിഷേക് ശർമ്മയും (74) ശുഭ്മൻ ഗില്ലും (47) ചേർന്ന് പാകിസ്ഥാൻ ബൗളിംഗ് നിരയെ തകർത്തെറിയുകയായിരുന്നു.

ഒരു ദാക്ഷിണ്യവുമില്ലാതെ ബാറ്റുവീശിയ ഇരുവരും ചേർന്ന് 9.5 ഓവറിൽ 105 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതോടെ, ഇന്ത്യയുടെ മദ്ധ്യനിരയിലുള്ള സമ്മർദ്ദം കുറയ്ക്കാൻ ഇരുവർക്കും സാധിച്ചു. ഈ വിജയം ഇന്ത്യയുടെ ടൂർണമെന്റിലെ നാലാമത്തെ തുടർച്ചയായ വിജയമാണ്. ഇനി ബുധനാഴ്ച ഇന്ത്യ ബംഗ്ലാദേശിനെതിരെയും പാകിസ്താൻ ചൊവ്വാഴ്ച ശ്രീലങ്കയ്ക്കെതിരെയും ഏറ്റുമുട്ടും.