വിദ്യാർത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ്‌ക്കൾ; ആദ്യം ബാഗുകൊണ്ട് ശ്രദ്ധ തിരിച്ചു, പിന്നാലെ സംഭവിച്ചത്

Monday 22 September 2025 2:36 PM IST

കോഴിക്കോട്: തെരുവുനായയിൽ നിന്ന് വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കോഴിക്കോട് നാദാപുരം കല്ലാച്ചിയിലാണ് സംഭവം. തെരുവുനായയ്‌ക്ക് മുന്നിൽ സ്‌കൂൾ ബാഗ് ഊരിയെറിഞ്ഞതാണ് പെൺകുട്ടിക്ക് രക്ഷയായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്‌ചയാണ് സംഭവം നടന്നതെങ്കിലും ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്. തനിക്ക് നേരേ പാഞ്ഞടുക്കുന്ന നായ്‌ക്കളെ കണ്ട് വിദ്യാർത്ഥിനി ബാഗെടുത്ത് മുന്നിലേക്കെറിഞ്ഞ് ശ്രദ്ധ തിരിച്ചു. തൊട്ടുപിന്നാലെ ഓടിയെത്തുന്ന നായ്‌ക്കളിൽ നിന്ന് ഭാഗ്യംകൊണ്ട് മാത്രമാണ് വിദ്യാർത്ഥിനി രക്ഷപ്പെട്ടത്.

സമാനമായ നിരവധി സംഭവങ്ങൾ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ ഇത്തരം പരാതികളിൽ നടപടിയെടുക്കാറില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. പലപ്പോഴും കുട്ടികൾ തനിച്ച് പോകുമ്പോഴാണ് ഇത്തരത്തിൽ തെരുവുനായ്‌ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ എത്തുന്നത്. നാദാപുരം, കല്ലാച്ചി, വണിമേൽ, വളയം ഭാഗങ്ങളിലാണ് തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമെന്ന് നാട്ടുകാർ പറയുന്നു.