വാടക മുടങ്ങിയതിന് വെടി സി.സി.ടിവി ഓഫാക്കി; വന്നത് വെടിയുതിർക്കാൻ ലക്ഷ്യമിട്ട്
ബാലിസ്റ്റിക് പരിശോധന നടത്തും
കൊച്ചി: കെട്ടിട വാടകയെ ചൊല്ലിയുള്ള തർക്കത്തിനിടെ കഫേ നടത്തിപ്പുകാരന് നേരെ നിറയൊഴിച്ച കേസിൽ പിടിയിലായ കെട്ടിട ഉടമ ഗാന്ധിനഗർ സൗത്ത് ഗിരിനഗർ ഉമ്മണൽ വീട്ടിൽ പ്രസാദിനെ (48) കോടതി റിമാൻഡ് ചെയ്തു. പൊലീസ് കണ്ടെടുത്ത എയർ പിസ്റ്റൾ കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബാലിസ്റ്റിക് പരിശോധന നടത്തും. ക്ലോസ് റേഞ്ചിൽ നിന്ന് വെടിയുതിർത്താൽ ജീവൻ വരെ അപഹരിക്കാൻ ശേഷിയുള്ളതാണ് എയർ പിസ്റ്റൾ.
അതേസമയം, തോക്കുകാട്ടി ഭീഷണിപ്പെടുത്തുകയോ വെടിയുതിർക്കുകയോ ലക്ഷ്യമിട്ടാണ് പ്രസാദ് കഫേയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. പിടിക്കപ്പെടാതിരിക്കാൻ ഇയാൾ കെട്ടിടത്തിലെ സി.സി ടിവി ക്യാമറകൾ ഓഫ് ചെയ്തിരുന്നു. സി.സി ടിവി സിസ്റ്റം ഫോണുമായി ബന്ധപ്പിച്ചിരുന്നു. കഫേയിലെ പരിശോധനയിൽ സി.സി ടിവി ഓഫായിരുന്നെന്ന് കണ്ടെത്തി. താൻ ഓഫാക്കിയതാണെന്ന് പ്രസാദ് സമ്മതിച്ചു.
രണ്ട് പെല്ലറ്റുകൾ കണ്ടെത്തി
ഇന്നലെ കഫേയിൽ നടത്തിയ പരിശോധനയിൽ രണ്ട് പെല്ലറ്റുകൾ കണ്ടെത്തി. ഇതും കോടതിയിൽ സമർപ്പിക്കും. വാടകമുടക്കം പതിവായതാണ് തോക്കെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രസാദിന്റെ മൊഴി.
ശനിയാഴ്ച രാത്രി 11നാണ് കടവന്ത്ര ജംഗ്ഷന് സമീപത്തെ കഫേയിൽ വെടിവയ്പ്പുണ്ടായത്. കഫേ നടത്തിപ്പുകാരനായ കാസർകോട് സ്വദേശിയും സുഹൃത്തായ മൂവാറ്റുപുഴ സ്വദേശിയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
കച്ചവടം കുറഞ്ഞു വാടക മുടങ്ങി
ആറ് മാസം മുമ്പാണ് പ്രസാദിന്റെ കെട്ടിടം കാസർകോട് സ്വദേശി വാടകയ്‌ക്കെടുത്തത്. നല്ലനിലയിൽ കഫേ തുറന്നെങ്കിലും കാര്യമായ കച്ചവടം ഉണ്ടായില്ല. ഇതോടെ വാടക മുടങ്ങി. കാസർകോടുകാരന് നേരെ കൈയേറ്റത്തിന് മുതിർന്നത് സുഹൃത്ത് തടഞ്ഞപ്പോൾ പ്രസാദ് എയർ പിസ്റ്റളിൽ നിന്ന് നിറയൊഴിക്കുകയായിരുന്നു.