ആള് വിദേശിയാണ് കരിക്കുമായി നല്ല സാമ്യവും, കേരളത്തില്‍ സുലഭം; കിലോയ്ക്ക് 300 രൂപ വിലയും കിട്ടും

Monday 22 September 2025 8:26 PM IST

രിക്കിന്റെ കാമ്പുമായി നല്ല സാമ്യമുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. രുചിയാണെങ്കില്‍ കരിക്കില്‍ അല്‍പ്പം പഞ്ചസാര ചേര്‍ത്ത് കഴിച്ചത് പോലെയും. കരിക്കില്‍ നിന്ന് കിട്ടുന്നതില്‍ കൂടുതല്‍ കാമ്പ് കിട്ടുകയും ചെയ്യും കരിക്കിനേക്കാള്‍ സോഫ്റ്റുമാണ്. കേരളത്തില്‍ വളരെ സുലഭമായി ലഭിക്കുന്ന് ഈ 'വിദേശി' പഴം ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യാനും തുടങ്ങിയിരിക്കുന്നു. അബിയു പഴത്തിന്റെ കൃഷി വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ പലയിടത്തും ആരംഭിച്ചിട്ടുണ്ട്.

ലാറ്റിന്‍ അമേരിക്കനായ അബിയു പഴം കേരളത്തില്‍ വിളയുമെന്നും നല്ല കച്ചവട സാദ്ധ്യതയുണ്ടെന്നും ആളുകള്‍ മനസ്സിലാക്കി വരുന്നതേയുള്ളു. പഴത്തിന്റെ കുരു പാകി കിളിര്‍ത്ത ശേഷം രണ്ട് വര്‍ഷത്തെ സമയമാണ് പൂവിടാനായി ആവശ്യമുള്ളത്. അനായാസം തൈകളുണ്ടാക്കാമെന്നതും അതിവേഗം ഉല്‍പാദനത്തിലെത്തുമെന്നതും മറ്റു ഫലവൃക്ഷങ്ങളെക്കാള്‍ അബിയുവിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നുണ്ട്. ഒരു പഴത്തിന് ശരാശരി 300 ഗ്രാം വരെ ഭാരമുണ്ടാകും.

പഴം കൂടുതലുള്ളതിനാല്‍ തന്നെ ഒരെണ്ണം കഴിക്കുന്നത് വലിയ തൃപ്തി നല്‍കുന്നുണ്ട്. കിലോയ്ക്ക് ശരാശരി 150 മുതല്‍ 300 വരെയാണ് അബിയുവിന് വില ലഭിക്കുക. സപ്പോട്ട കുടുംബത്തില്‍പ്പെടുന്ന ഉഷ്ണമേഖലാ പഴവര്‍ഗവിളയാണ് അബിയു. അതിനാല്‍ അന്തരീക്ഷ ഊഷ്മാവ് 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള പ്രദേശങ്ങള്‍ കൃഷിക്ക് യോജ്യമല്ല. ദിവസം മുഴുവന്‍ സൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലമാണ് അബിയു കൃഷിക്ക് അനുയോജ്യം.