സംരക്ഷണ സംഗമത്തിൽ നിർദ്ദേശം: ശബരിമലയിൽ പരിസ്ഥിതി സൗഹൃദ മാസ്റ്റർ പ്ലാൻ വേണം
പന്തളം: ആചാരങ്ങളോടും പാരമ്പര്യങ്ങളോടും പൊരുത്തപ്പെടുന്ന ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ മാസ്റ്റർപ്ലാൻ ശബരിമലയിൽ നടപ്പാക്കണമെന്ന് ശബരിമല കർമ്മ സമിതി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിലെ വികസന രേഖയിൽ നിർദ്ദേശം. അടിസ്ഥാന സൗകര്യങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ, തിരക്ക് നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയവ വികസിപ്പിച്ച് സൂരക്ഷിതവും സൗകര്യപ്രദവുമായ തീർത്ഥാടനം ഉറപ്പാക്കണം.
ആചാരങ്ങൾ പാലിച്ച് പൂങ്കാവനവും ജൈവ വൈവിദ്ധ്യവും സംരക്ഷിക്കണം. മലിനീകരണം, ചൂഷണം എന്നിവയിൽ നിന്നുള്ള സംരക്ഷണം, മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിരോധനം, ശുചിത്വ പരിപാലനം എന്നിവ പ്രാവർത്തികമാക്കി തീർത്ഥാടനം പ്രകൃതി സൗഹൃദമാക്കണം.
പ്ലാസ്റ്റിക് നിരോധനം കർശനമാക്കണം. ഭക്തർ കൊണ്ടുവരുന്ന മാലിന്യങ്ങൾ തിരികെ കൊണ്ടുപോകുന്ന രീതിയിൽ ബ്രിംഗ് ബാക്ക് വെയ്സ്റ്റ് പദ്ധതി നടപ്പാക്കണം. റീസൈക്ലിംഗ് പ്ലാന്റുകൾ, കമ്പോസ്റ്റ് യൂണിറ്റുകൾ എന്നിവ സ്ഥാപിക്കണം. മലിനജലം പമ്പയിലേക്ക് ഒഴുകുന്നത് തടയാൻ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ വേണം.
"ശുദ്ധമായ പമ്പ- ശുദ്ധമായ ദർശനം" എന്ന സന്ദേശം എല്ലാ ഭക്തരിലേക്കും പകർന്നാണ് പമ്പാ സംരക്ഷണം നടപ്പാക്കേണ്ടത്. ക്ഷേത്രത്തിന്റെ പരിശുദ്ധിയും പാരമ്പര്യവും ആത്മീയ അന്തരീക്ഷവും സംരക്ഷിക്കണം. കുടിവെള്ളം, ശുചിത്വമുള്ള ഭക്ഷണം, മതിയായ താമസ സൗകര്യം, ഗതാഗതം, ചികിത്സ എന്നിവ ഉറപ്പാക്കണം. ക്ഷേത്രത്തിന്റെ ചരിത്രപരമായി പങ്കാളികളായിരുന്നവരുടെ അവകാശങ്ങളും സ്ഥാനങ്ങളും സംരക്ഷിക്കണം.
ആചാരവിരുദ്ധരെ അകറ്റണം
1. ആചാര, പാരമ്പര്യങ്ങൾക്ക് വിരുദ്ധരായവരുടെ സ്വാധീനത്തിൽ നിന്ന് ശബരിമലയെ മോചിപ്പിക്കണം
2. നിയമപരമായി അവകാശമില്ലാത്ത സർക്കാരിന്റെയും, ആചാരങ്ങളിൽ അവകാശമില്ലാത്ത ദേവസ്വം ബോർഡിന്റെയും ഇടപെടലുകൾ തടയണം
3. സത്യനിഷ്ഠ, സമത്വം, സഹിഷ്ണുത, ഭക്തി എന്നീ അയ്യപ്പ മൂല്യങ്ങൾ വരുംതലമുറയ്ക്ക് പകരാനുള്ള നടപടികൾ സ്വീകരിക്കണം
ത്രിമൂർത്തികൾ സനാതന ധർമ്മത്തെ നശിപ്പിക്കുന്നു: അണ്ണാമലൈ
സനാതന ധർമ്മത്തെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ ത്രിമൂർത്തികളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമെന്ന് തമിഴ്നാട് ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ശബരിമല കർമ്മസമിതി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിൽ മുരുകസംഗമം നടത്തുന്ന സ്റ്റാലിന്റെ മാതൃകയിലാണ് പമ്പയിൽ പിണറായി വിജയൻ അയ്യപ്പ സംഗമം നടത്തിയത്. സിദ്ധരാമയ്യ സർക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളിൽ കർണാടകയിലും പ്രതിഷേധമുയർന്നിട്ടുണ്ട്. പിണറായി വിജയൻ കപട നാടകക്കാരനാണ്. കമ്മ്യൂണിസം പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാണ്. 2018ൽ അയ്യപ്പ ഭക്തരെ ക്രൂരമായി മർദ്ദിച്ച സർക്കാരാണ് പമ്പയിൽ അയ്യപ്പസംഗമം സംഘടിപ്പിച്ചത്.
സനാതന ധർമ്മത്തെ വേരോടെ പിഴുതെറിയണമെന്ന് പറഞ്ഞ സ്റ്റാലിനെയാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടകനായി ക്ഷണിച്ചത്. സനാതന ധർമ്മത്തെ വൈറസ് എന്നും മറ്റും ആക്ഷേപിച്ചവരാണ് തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാർ. അയ്യപ്പ ഭക്തർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പിണറായി വിജയൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കുകയാണ് വേണ്ടത്. ദ്വാരപാലക ശില്പത്തിലെ സ്വർണം അപഹരിച്ചവരാണ് ദേവസ്വം ബോർഡെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
പന്തളം കൊട്ടാരം നിർവാഹക സമിതി അംഗം നാരായണ വർമ്മ അദ്ധ്യക്ഷനായി. ചടങ്ങിൽ പങ്കെടുത്ത ശ്രീലങ്കൻ മുൻ മന്ത്രി ഡോ. ഋഷി സെന്തിൽ രാജനെ കുമ്മനം രാജശേഖരൻ ഷാൾ അണിയിച്ചു. തേജസ്വി സൂര്യ എം.പി മുഖ്യപ്രഭാഷണം നടത്തി. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ സംസാരിച്ചു.
ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്, പിതാവ് കണ്ഠരര് മോഹനരര് എന്നിവർ ചേർന്ന് സംഗമത്തിന് ഭദ്രദീപം തെളിച്ചു. കർമ്മസമിതി ചെയർപേഴ്സൺ കെ.പി. ശശികല അദ്ധ്യക്ഷത വഹിച്ചു. വാഴൂർ തീർത്ഥപാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ സെമിനാർ ഉദ്ഘാടനം ചെയ്തു. ജനപങ്കാളിത്തംകൊണ്ട് സംഗമം ശ്രദ്ധേയമായി.
വിമോചന പ്രസ്ഥാനം ഉണ്ടാകണം: കുമ്മനം ശബരിമലയെ സംരക്ഷിക്കാൻ വിമോചന പ്രസ്ഥാനം ഉണ്ടാകണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ശബരിമല സംരക്ഷണ സംഗമത്തിലെ സെമിനാറുകളുടെ സമാപനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രഭരണം അമ്പലം വിഴുങ്ങികൾക്ക് കൊടുത്തിരിക്കുകയാണ് മുഖ്യമന്ത്രി. പമ്പയിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം പോലെ ശരണംവിളിച്ച ദേവസ്വം പ്രസിഡന്റ് കൊള്ളക്കാരെ പൊക്കിക്കൊണ്ടുവരികയാണ്. മതേതരം പറഞ്ഞ് ആചാരങ്ങൾ ലംഘിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാൻ പിൻമാറണം.