ഏഷ്യ കപ്പില്‍ പാകിസ്ഥാന് ജീവന്‍മരണ പോരാട്ടം; ശ്രീലങ്കയോട് തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം

Monday 22 September 2025 10:32 PM IST

അബുദാബി: ഏഷ്യ കപ്പ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകാതിരിക്കാന്‍ ശ്രീലങ്കയും പാകിസ്ഥാനും ചൊവ്വാഴ്ച നേര്‍ക്കുനേര്‍. സൂപ്പര്‍ ഫോറിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനോടും പാകിസ്ഥാന്‍ ഇന്ത്യയോടും തോറ്റിരുന്നു. ശ്രീലങ്ക - പാകിസ്ഥാന്‍ മത്സരത്തില്‍ തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് അബുദാബിയിലാണ് മത്സരം.

ദുര്‍ബലരായ ഒമാനും യു.എ.ഇയ്ക്കും എതിരെ മാത്രമാണ് ടൂര്‍ണമെന്റില്‍ ഇതുവരെ പാകിസ്ഥാന്‍ ജയിച്ചത്. ആദ്യ മത്സരത്തില്‍ 93 റണ്‍സിനായിരുന്നു ഒമാനെതിരായ വിജയം. തുടര്‍ന്ന് ഇന്ത്യയുമായി ഏഴുവിക്കറ്റിന് തോറ്റു. യു.എ.ഇയ്ക്ക് എതിരെ 41 റണ്‍സിന് ജയിച്ചതോടെയാണ് സൂപ്പര്‍ ഫോറില്‍ കടന്നത്. സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്ക് എതിരെ ആറുവിക്കറ്റിനായിരുന്നു തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് 171/5 എന്ന സ്‌കോര്‍ ഉയര്‍ത്തിയ പാകിസ്ഥാനെ ഏഴുപന്തും ആറ് വിക്കറ്റുകളും ബാക്കിനിറുത്തിയാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യയ്ക്ക് എതിരായ പാകിസ്ഥാന്റെ തുടര്‍ച്ചയായ ഏഴാം തോല്‍വിയായിരുന്നു ഇത്.

ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ശ്രീലങ്ക സൂപ്പര്‍ ഫോറിലെത്തിയത്.ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഹോംഗ്‌കോംഗിനെ നാലുവിക്കറ്റിനുമാണ് തോല്‍പ്പിച്ചത്.അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനെതിരെ ആറുവിക്കറ്റ് ജയം. എന്നാല്‍ സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ ബംഗ്‌ളാദേശ് കഴിഞ്ഞദിവസം ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു. നാലുവിക്കറ്റിനായിരുന്നു ബംഗ്‌ളാദേശിന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത ലങ്ക 168/7ലൊതുങ്ങിയപ്പോള്‍ ബംഗ്‌ളാദേശ് ഒരു പന്ത് ബാക്കിനില്‍ക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

ഇന്ത്യ ബംഗ്‌ളാദേശിനെതിരെ

സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ രണ്ടാം മത്സരം ബുധനാഴ്ച ബംഗ്ലാദേശുമായാണ്. ഈ മത്സരം ജയിച്ചാല്‍ ഇന്ത്യയുടെ ഫൈനല്‍ സാദ്ധ്യതകള്‍ വര്‍ദ്ധിക്കും. ബംഗ്ലാദേശിനും ജയിച്ചാല്‍ ഫൈനലിലേക്ക് മുന്നേറാന്‍ വഴിതെളിയും. വെള്ളിയാഴ്ച ശ്രീലങ്കയുമായാണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരം. സൂപ്പര്‍ ഫോറിലെ നാല് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടി കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകളാണ് 28ന് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുക.