റബർ, കുരുമുളക് വിപണികളിൽ സമ്മർദ്ദമേറുന്നു

Tuesday 23 September 2025 12:50 AM IST

കോട്ടയം: ടയർ കമ്പനികൾ ചരക്കെടുക്കാതെ മാറിനിന്നതോടെ റബർ വില താഴേക്ക് നീങ്ങി. കഴിഞ്ഞ വാരം ഷീറ്റിന് ഏഴ് രൂപ കുറഞ്ഞു. ലാറ്റക്സ് വിലയും കുറഞ്ഞു, ആർ.എസ് .എസ് ഫോർ റബർ ബോർഡ് വില 186 രൂപയിലേക്കും വ്യാപാരി വില 178 രൂപയിലേക്കും ലാറ്റക്സും ഒട്ടു പാലും 121 രൂപയിലേക്ക് താഴ്ന്നു. ചൈനയും തായ്ലൻഡും പുതിയ വ്യാപാര കരാർ ഒപ്പിട്ടതിനാൽ അന്താരാഷ്ട്ര വിലയിൽ മാറ്റമുണ്ടായേക്കും. ഇതിനാൽ ആഭ്യന്തര വില വീണ്ടും കുറഞ്ഞേക്കും.

രാജ്യാന്തര വില(കിലോയ്ക്ക്)

ബാങ്കോക്ക് : 189 രൂപ

ചൈന : 183 രൂപ

ടോക്കിയോ : 191 രൂപ

കുരുമുളക് വാങ്ങാൻ ആളില്ല

വില കൂടുമെന്ന പ്രതീക്ഷയിൽ ഇടനിലക്കാരും വൻകിട കർഷകരും സ്‌റ്റോക്ക് ചെയ്ത കുരുമുളക് വിപണിയിൽ എത്തിയതോടെ വില ഇടിഞ്ഞു. വില ഇടിക്കാനായി വ്യാപാരികൾ വിപണിയിൽ നിന്ന് വിട്ടുനിന്നു. കിലോയ്‌ക്ക് 700 രൂപ കടന്ന് വില റെക്കാഡിലെത്തുമെന്നാണ് പൊതുവേ പ്രതീക്ഷിച്ചിരുന്നത്.എന്നാൽ വില 15 രൂപ കുറഞ്ഞു. ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കം വിപണിയെ ബാധിച്ചു. നവരാത്രി, ദീപാവലി വിൽപ്പനയെ പ്രളയം ബാധിച്ചു. ബ്രസീലിൽ നിന്നുള്ള ഇറക്കുമതി ശക്തമാണ്. എരിവ് കൂടുതലുളള ബ്രസീലിയൻ മുളക് ഹൈറേഞ്ച് കുരുമുളകെന്ന പേരിൽ വിൽക്കുന്നതും കേരളത്തിന് തിരിച്ചടിയായി.

#കയറ്റുമതി നിരക്ക്(ഒരു ടണ്ണിന്)

ഇന്ത്യ -8150 ഡോളർ

ഇന്തോനേഷ്യ -7600 ഡോളർ

ശ്രീലങ്ക -7400 ഡോളർ

വിയറ്റ്നാം -6800 ഡോളർ

ബ്രസീൽ -6500 ഡോളർ