സ്വർണത്തിന്റെ റെക്കാഡ് കുതിപ്പ് തുടരുന്നു

Tuesday 23 September 2025 12:49 AM IST

ഇന്നലെ രണ്ട് തവണയായി പവന് 680 രൂപ കൂടി

പവൻ വില@82,920 രൂപ

കൊച്ചി: അമേരിക്കയിൽ പലിശ നിരക്ക് വീണ്ടും കുറയുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ സജീവമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില റെക്കാഡുകൾ പുതുക്കി കുതിച്ചു. വില നിലവിൽ ട്രോയ് ഔൺസിന്(31.1ഗ്രാം) 3,730 ഡോളറിലാണ്. കേരളത്തിൽ ഇന്നലെ രണ്ട് തവണയായി സ്വർണ വില പവന് 680 രൂപ വർദ്ധിച്ച് 82,920 രൂപയിലെത്തി ചരിത്രം സൃഷ്‌ടിച്ചു. രാവിലെ ഗ്രാമിന്റെ വില 40 രൂപ ഉയർന്ന് 10,320 രൂപയായിരുന്നു. പവൻ വില 320 കൂടി 82,560 രൂപയായാണ് നിശ്ചയിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം രാജ്യാന്തര വില വീണ്ടും കുതിച്ചതും ഡോളറിനെതിരെ രൂപയുടെ ഇടിവും കണക്കിലെടുത്ത് വിലയിൽ മാറ്റം വരുത്തി. ഇതോടെ പവൻ വില 360 രൂപയും ഗ്രാമിന് 45 രൂപയും കൂടി. വരും ദിവസങ്ങളിൽ സ്വർണ വില പവന് 85,000 രൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.