നിക്ഷേപകരുടെ പോക്കറ്റ് നിറച്ച് പൊതുമേഖല കമ്പനികൾ
നടപ്പുവർഷം ലാഭവിഹിതം 1.2 ലക്ഷം കോടി രൂപ കവിയും
കൊച്ചി: ചെറുകിട ഓഹരി ഉടമകൾക്ക് കൈനിറയെ പണം ലഭ്യമാക്കി കേന്ദ്ര പൊതുമേഖല കമ്പനികൾ മികച്ച പ്രകടനം തുടരുന്നു. ഓഹരി വിലയിലെ കുതിപ്പിന് പുറമെ പ്രതിവർഷം 1.2 ലക്ഷം കോടി രൂപയാണ് ലാഭ വിഹിതമായി പൊതുമേഖല കമ്പനികൾ ചെറുകിട നിക്ഷേപകർക്ക് ലഭ്യമാക്കിയത്. ഇതിൽ സിംഹഭാഗവും മുഖ്യ ഓഹരി ഉടമയായ കേന്ദ്ര സർക്കാർ ഖജനാവിലേക്കാണ് എത്തിയതെങ്കിലും റീട്ടെയിൽ നിക്ഷേപകർക്കും മികച്ച നേട്ടമുണ്ടാക്കാനായി. അഞ്ച് വർഷത്തിനിടെ പൊതുമേഖല സ്ഥാപനങ്ങൾ ലാഭവിഹിതമായി വിതരണം ചെയ്ത തുക ഇരട്ടിയായി ഉയർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നടപ്പുവർഷം ലാഭവിഹിതം 1.25 ലക്ഷം കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോൾ ഇന്ത്യ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ(ഒ.എൻ.ജി.സി), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി), പവർ ഗ്രിഡ് കോർപ്പറേഷൻ, നാഷണൽ തെർമ്മൽ പവർ കോർപ്പറേഷൻ എന്നിവയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് ഏറ്റവും ഉയർന്ന ലാഭവിഹിതം നൽകിയത്.
രാജ്യത്തെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ(ബി.എസ്.ഇ) മൊത്തം വിപണി മൂല്യത്തിന്റെ 14 ശതമാനം വിഹിതം മാത്രമാണ് പൊതുമേഖല കമ്പനികൾക്കുള്ളത്. എന്നാൽ മൊത്തം ലാഭ വിഹിതത്തിന്റെ 25 ശതമാനം ഈ കമ്പനികളുടെ സംഭാവനയാണ്.
ഓഹരി വിൽപ്പന വേഗത്തിലാക്കുന്നു
ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഖജനാവിലേക്ക് കൂടുതൽ നിക്ഷേപമെത്തിക്കാനും പൊതുമേഖല കമ്പനികളുടെ ഓഹരി വിൽപ്പന വേഗത്തിലാക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം കമ്പനികളുടെ ഓഹരി വിൽപ്പനയിലൂടെ 47,000 കോടി രൂപ സമാഹരിക്കാനാണ് ബഡ്‌ജറ്റ് ലക്ഷ്യം. നിലവിൽ ലിസ്‌റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ തുടർ ഓഹരി വിൽപ്പന, ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ പ്രാരംഭ ഓഹരി വിൽപ്പന എന്നിവ വേഗത്തിലാക്കാനാണ് ശ്രമം.
നടപ്പുവർഷം ഓഹരി വിൽപ്പനയിലൂടെ കേന്ദ്ര സർക്കാർ സമാഹരിച്ച തുക
20,000 കോടി രൂപ
ചെറുകിട നിക്ഷേപകർക്ക് കരുത്തേറുന്നു
രാജ്യത്തെ ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകർ തുടർച്ചയായി പിടിമുറുക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നാല് വർഷം മുൻപ് ഇന്ത്യൻ വിപണിയുടെ നിയന്ത്രണം പൂർണമായും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കൈവശമായിരുന്നു. ഇപ്പോൾ കഥ മാറുകയാണ്. നടപ്പുവർഷം ഒരു ലക്ഷം കോടി രൂപ വിദേശ നിക്ഷേപകർ പിൻവലിച്ചിട്ടും ഓഹരി വിപണിയെ ബാധിച്ചില്ല. ചെറുകിട നിക്ഷേപകർ മുടക്കിയ അഞ്ച് ലക്ഷം കോടി രൂപയാണ് തകർച്ചയിൽ നിന്ന് വിപണിയെ കാത്തത്.