ഇസാഫ് സ്ഥാപകൻ കെ. പോൾ തോമസിന് ഡോക്ടറേറ്റ്

Tuesday 23 September 2025 12:52 AM IST

കൊച്ചി: ഇസാഫ് ഗ്രൂപ്പിന്റെ സ്ഥാപകനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ ഡോ. കെ പോൾ തോമസിന് ചെന്നൈ ആസ്ഥാനമായ വേൽസ് യൂണിവേഴ്‌സിറ്റി അക്കാഡമിക് ഡോക്ടറേറ്റ് സമ്മാനിച്ചു. സാമൂഹിക, സംരംഭകത്വ മേഖലയിൽ സ്‌മോൾ ബിസിനസ് ബാങ്കുകളുടെ സ്വാധീനം എന്ന ഗവേഷണ പ്രബന്ധത്തിനാണ് പി.എച്ച്.ഡി ലഭിച്ചത്. യൂണിവേഴ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ഡോക്ടറേറ്റ് സമ്മാനിച്ചു.

1992ൽ സ്ഥാപിതമായ ഇസാഫിനെ സാമൂഹിക, സന്നദ്ധ സംഘടനയാക്കുന്നതിലും 2017ൽ ബാങ്കിംഗ് ലൈസൻസ് കരസ്ഥമാക്കിയ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് നേതൃത്വം നൽകി. ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെ മൂലധന സമാഹരണത്തിന് ആരംഭിച്ച സാധന്റെ ചെയർമാനായും കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ കേരള ഘടകം ചെയർമാനായും തൃശൂർ മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദം പൂർത്തീകരിച്ച പോൾ തോമസിന് കേരള കാർഷിക സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.