നിത്യനിദ്രയില്‍ മാർ ജേക്കബ് തൂങ്കുഴി
കോഴിക്കോട്: കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ് ചാപ്പലിൽ പ്രത്യേകം ക്രമീകരിച്ച കബറിടത്തിൽ മാർ ജേക്കബ് തൂങ്കുഴിക്ക് നിത്യനിദ്ര. താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ ദേവഗിരി സെന്റ് ജോസഫ്‌സ് പള്ളിയിൽ പൊതുദർശനത്തിന് ശേഷമാണ് ചാപ്പലിൽ ഭൗതികദേഹം കബറടക്കിയത്.
ഇന്നലെ വൈകിട്ട് 3.45ഓടെ ദേവഗിരി സെന്റ് ജോസഫ് ദേവാലയത്തിൽ അന്ത്യോ പചാരമർപ്പിക്കാൻ നിരവധി പേരെത്തി.മാർ ജോസഫ് പാംബ്ലാനി (തലശ്ശേരി ആർച്ച് ബിഷപ്), മാർ ആഡ്രൂസ് താഴത്ത് (തൃശൂർ അതിരൂപത ആർച്ച് ബിഷപ്), മാർ റെമീജിയോസ് ഇഞ്ചനാനിയിൽ (താമരശ്ശേരി രൂപതാദ്ധ്യക്ഷൻ), ഡോ.വർഗീസ് ചക്കാലക്കൽ (കോഴിക്കോട് അതിരുപതാദ്ധ്യക്ഷൻ), ബിഷപ്പ് എമിരറ്റസ് മാർ ബോസ്‌കോ പുത്തൂർ, മാർ ജോസ് പൊരുന്നേടം (മാനന്തവാടി ബിഷപ്പ്), മാർ അലക്‌സ് താരാമംഗലം ( മാനന്തവാടി സഹായമെത്രാൻ), മാർ ടോണി നീലങ്കാവിൽ (തൃശൂർ സഹായ മെത്രാൻ), ഡോ.അലക്സ് വടക്കുംതല (കണ്ണൂർ ബിഷപ്പ്), ഡോ. ഡെന്നിസ് കുറുപ്പാശ്ശേരി (കണ്ണൂർ സഹായ മെത്രാൻ), മലബാർ ദ്രാസനം ബിഷപ്പ് മാർ ഗീർവർഗീസ് പക്കേമിയൂസ്, കോഴിക്കോട്
യാക്കോബായ ബിഷപ് ഐറേനിയൂസ് പൗലോസ് എന്നിവർ ദേവഗിരിയിലെ ചടങ്ങുകൾക്ക് നേതൃത്വം നല്‍കി.
എം.എൽ.എ മാരായ അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, ടി. സിദ്ദീഖ്, കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്, ഷാഫി പറമ്പിൽ എം.പി മുൻ എം.എൽ.എ കെ.സി റോസക്കുട്ടി തുടങ്ങിയവരും എത്തിയിരുന്നു. നിരവധി വൈദികരും, സന്യസ്തരും, അൽമായരും സന്നിഹിതരായി.തൃശൂരിൽ നിന്നും വിലാപ യാത്രയായാണ് ഭൗതിക ശരീരമെത്തിച്ചത്. ആറു മണിയോടെ സംസ്‌കാര ശുശ്രൂഷയുടെ അവസാന ഘട്ടം നടക്കുന്ന കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റിൽ എത്തിച്ചു. താമരശ്ശേരി രൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും തൂങ്കുഴി പിതാവിനായി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും നടന്നു. പിതാവിനോടുള്ള ആദരസൂചകമായി താമരശ്ശേരി രൂപതയിലെ സ്‌കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇന്നലെ അവധി നൽകി.