ശാന്തിക്കാരുടെ വേതനം പരിഷ്കരിക്കണം: യോഗക്ഷേമസഭ
കൊച്ചി: കേരളത്തിലെ സ്വകാര്യ, ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തിക്കാരുടെ സേവന - വേതന വ്യവസ്ഥകൾ സമഗ്രമായി പരിഷകരിക്കണമെന്ന് യോഗക്ഷേമ സഭ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശമ്പള സ്കെയിലാണ് ഇപ്പോൾ ശാന്തിക്കാരുടേത്. ഈശ്വരസേവ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും പെരുമ്പാവൂരിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ യോഗം ആവശ്യമുന്നയിച്ചു.
കെ ടെറ്റ് പരീക്ഷയിൽ ഇപ്പോൾ ജാതി തിരിച്ചുള്ള മാർക്കു നൽകുന്ന വ്യവസ്ഥ അവസാനിപ്പിക്കണം. അദ്ധ്യാപന രംഗത്ത് യോഗ്യതയിൽ ജാതി തിരിച്ചുള്ള മാർക്കിന്റെ മാനദണ്ഡം കൊണ്ടുവന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. വിദ്യാഭ്യാസ നിലവാരം തകർക്കുമെന്നും കൗൺസിൽ യോഗം വിലയിരുത്തി.
പി.എൻ.ഡി. നമ്പൂതിരി പ്രസിഡന്റ്, നീലമന ദാമോദരൻ നമ്പൂതിരി
ജനറൽ സെക്രട്ടറി
യോഗക്ഷേമ സഭയുടെ പുതിയ പ്രസിഡന്റായി അഡ്വ. പി.എൻ.ഡി. നമ്പൂതിരിയെയും ജനറൽ സെക്രട്ടറിയായി പി.എൻ. ദാമോദരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. ഹരികുമാർ നമ്പൂതിരി (വൈസ് പ്രസിഡന്റ്), കൊടുപ്പുന്ന കൃഷ്ണൻ പോറ്റി (സെക്രട്ടറി), ടി.കെ. ശ്രീകുമാർ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
വനിതാ വിഭാഗം ഭാരവാഹികളായി മല്ലിക നമ്പൂതിരി (പ്രസിഡന്റ്), വത്സല പണിക്കത്ത് (സെക്രട്ടറി). യുവജന വിഭാഗം ഭാരവാഹികളായി മുഞ്ഞൂർളി അജയ് ശർമ്മ (പ്രസിഡന്റ്), കെ.പി.അതുൽ (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.