ഓർക്കിഡിൽ ഒരു കോടി വരുമാനവുമായി അജ്മി
കൊല്ലം: ബി.ടെക് ബിരുദധാരിയായ അജ്മി എസ്.സുൽത്താനയ്ക്ക് ജീവിതപാഠമായത് ഓർക്കിഡ് കൃഷി. വരുമാനം പ്രതിവർഷം ഒരു കോടിയോളം രൂപ. ശാസ്താംകോട്ട പനംപെട്ടി ഷാലുഭവനിൽ അജ്മി എസ്.സുൽത്താനയും (34) സഹോദരൻ കരുനാഗപ്പള്ളി മഹിമ മൻസിലിൽ മുഹമ്മദ് സഫീറുമാണ് (32) ഈ നേട്ടത്തിന്റെ അവകാശികൾ.
ബി.ടെക് പഠനശേഷം വിനോദമെന്ന നിലയിലാണ് അജ്മി വീട്ടുവളപ്പിൽ ഓർക്കിഡ് ചെടികൾ പരിപാലിക്കാൻ തുടങ്ങിയത്. പൂവിട്ട് തുടങ്ങിയതോടെ അതിന്റെ വിശേഷങ്ങൾ വിവരിച്ച്
സ്വന്തം യുട്യൂബ് ചാനലിലിട്ടു. ഇതോടെ ആവശ്യക്കാർ വിളിക്കാൻ തുടങ്ങി. പിന്നാലെ, സഹോദരനെയും കൂട്ടി ബിസിനസിലേക്ക് കടക്കുകയായിരുന്നു.
2019ൽ വീടിനു സമീപം 35 സെന്റിലാണ് 'സുലുസ് ഓർക്കിഡ്' ഫാം സജ്ജമായത്. 50000 രൂപയായിരുന്നു മുതൽമുടക്ക്. ഒരേക്കറിലേക്ക് വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണിവർ.
തായ്‌ലാൻഡ്, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്ന് തൈകളും ചെടികളും ഇറക്കുമതി ചെയ്തു. സ്റ്റേറ്റ് ഹോട്ടികൾച്ചർ മിഷന്റെ സബ്‌സിഡിയോടെയായിരുന്നു തുടക്കം. മൊക്കാറ, ഫലെനോപ്‌സിസ്, ഡെൻഡ്രോബിയം, വാൻഡ തുടങ്ങി അപൂർവ ഓർക്കിഡുകളും ശേഖരത്തിലുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുവരെ ഓർക്കിഡ് ആവശ്യക്കാരെത്തുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ യുവകർഷക പുരസ്കാരവും അജ്മിക്ക് ലഭിച്ചിട്ടുണ്ട്. അജ്മിയുടെ ഭർത്താവ് നിസാം അബ്ദുൾ ലത്തീഫും മകൾ ആറാം ക്ലാസുകാരി ആയിഷ സുൽത്താനയും മുഹമ്മദ് സഫീറിന്റെ ഭാര്യ അജ്മിയും മകൻ ഹുമയൂണും പിന്തുണയേകി ഒപ്പമുണ്ട്.
വില്പന വെബ്സൈറ്റിലൂടെ
വെബ്‌സൈറ്റ് വഴിയാണ് കൂടുതൽ വില്പനയും. ഓൺലൈൻ പേയ്‌മെന്റ് ചെയ്യുന്നവർക്ക് കൊറിയർ വഴി എത്തിക്കും. ആയിരം രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് ഫ്രീ ഷിപ്പിംഗാണ്. കേരളത്തിനകത്ത് രണ്ടുദിവസത്തിനുള്ളിലും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒരാഴ്ചയ്ക്കുള്ളിലും കൊറിയറെത്തും. പാക്ക് ചെയ്ത് വിടുന്ന ചെടികൾ ഇരുപത് ദിവസത്തോളം കേടാകില്ല.