സംസ്ഥാനത്ത് എസ്.ഐ.ആർ നീട്ടിവച്ചേക്കും

Tuesday 23 September 2025 12:00 AM IST

തിരുവനന്തപുരം: ഡിസംബറിന് മുമ്പ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നീട്ടിവച്ചേക്കും. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ഇലക്ഷൻ കമ്മിഷന് കത്ത് നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ ഡോ. രത്തൻ ഖേൽക്കർ അറിയിച്ചു. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

സംസ്ഥാന ഇലക്ഷൻ കമ്മിഷനോടും ജില്ല കളക്ടർമാരോടും നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരളത്തിൽ എസ്.ഐ.ആർ നീട്ടിവയ്ക്കുന്നതാകും ഉചിതമെന്ന കത്ത് കേന്ദ്ര ഇലക്ഷൻ കമ്മിഷന് നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ വളരെ സങ്കീർണ്ണമായ തീവ്ര വോട്ടർപട്ടിക പരിഷ്കരണം കൂടി നടത്തുന്നത് അപ്രായോഗികമാണെന്ന് അഭിപ്രായമുയർന്നിരുന്നു.