അമിത പലിശ വാഗ്ദാനം ചെയ്ത് 75 കോടി തട്ടി, മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ഉടമകൾ മുങ്ങി

Tuesday 23 September 2025 12:00 AM IST
അഗ്രി ടൂറിസം മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഓഫിസ്

കളമശേരി: അമിത പലിശ വാഗ്ദാനം ചെയ്ത് 75 കോടി രൂപ തട്ടിയെടുത്ത അഗ്രി ടൂറിസം മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി പൂട്ടി ഉടമയും കൂടെനിന്നവരും മുങ്ങി. നിക്ഷേപകരിൽ നിന്ന് ലഭിച്ച പണം ചെയർമാനും ഡയറക്ടർമാരും ആഡംബര വീടുകൾ പണിതും മറ്റും ധൂർത്തടിച്ചെന്നാണ് വിവരം.

സംസ്ഥാനത്തെ വിവിധ ജില്ളകളിൽപ്പെട്ട ആയിരത്തിലേറെ നിക്ഷേപകരാണ് ഇരകളായത്. കളമശേരി പത്തടിപ്പാലം ആസ്ഥാനമായാണ് 2022 മുതൽ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കളമശേരി പൊലീസ് സ്റ്റേഷനിൽ മാത്രം ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തു. ചെയർമാൻ അഖിൽ മുരളി, മാനേജിംഗ് ഡയറക്ടർ ആഷിക് മുരളി, വൈസ് ചെയർമാൻ/സി.ഇ.ഒ പി.ആർ. മുരളീധരൻ, ഡയറക്ടർമാരായ ഏഴുമലൈ, ബാലഗോവിന്ദൻ വി.വി, ഗോപാലകൃഷ്ണൻ സി.വി , അഞ്ജു കെ.എസ്, രാജേശ്വരി കെ.വി, ജി. ജ്ഞാനവടിവേൽ എന്നിവരെ പ്രതിചേർത്താണ് കേസ്. പി.ആർ. മുരളീധരന്റെ മക്കളാണ് അഖിലും ആഷിക്കും. അഞ്ജുവും രാജേശ്വരിയും ഇവരുടെ കുടുംബാംഗങ്ങളാണ്.

വാടക നൽകായതോടെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടം ഉടമ പൂട്ടി. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നിക്ഷേപകർ സ്ഥാപനത്തിലെ ജീവനക്കാരുടെ വീടുകളിലെത്തി ബഹളം വയ്‌ക്കാൻ തുടങ്ങി. തുടർന്ന് ജീവനക്കാർ ഇന്നലെ നിക്ഷേപകരെ കളമശേരിയിലെ ഓഫീസിനു മുന്നിലേക്ക് വിളിച്ചുവരുത്തി. പൊലീസും എത്തി നിക്ഷേപകരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കേന്ദ്രസർക്കാർ അംഗീകൃതമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ വീഴ്‌ത്തിയത്. മാർച്ച് മുതൽ പലിശയും കാലാവധി കഴിഞ്ഞ നിക്ഷേപവും തിരികെ നൽകാതായി. പിന്നാലെ എല്ലാ ശാഖകളും അടച്ചുപൂട്ടുകയായിരുന്നു. മക്കളുടെ വിവാഹത്തിനും വീട് നിർമ്മാണത്തിനും മറ്റുമായി കരുതിയിരുന്ന പണവും പലർക്കും നഷ്ടപ്പെട്ടിട്ടുണ്ട്. 90 ലക്ഷം രൂപയും പലിശയും നഷ്ടമായെന്ന് എളംകുളം സ്വദേശി ലെഫ്. കേണൽ എ.എം. സജീറിന്റെ പരാതിയിൽ പറയുന്നു. ഇടപ്പള്ളി സ്വദേശി രമാദേവിക്ക് നഷ്ടമായത് 37 ലക്ഷം രൂപയാണ്.