ആധാർ പുതുക്കാൻ ഒക്ടോ. മുതൽ പുതിയ നിരക്കുകൾ

Tuesday 23 September 2025 12:00 AM IST

കൊച്ചി: ബയോമെട്രിക് അടക്കം ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പുതുക്കാനുള്ള നിരക്ക് ഉയർത്തി.

അതേസമയം, പ്രായഭേദമെന്യേ പുതിയ ആധാർ എടുക്കലും അഞ്ചു മുതൽ ഏഴു വയസ് വരെയും 15മുതൽ 17വയസ് വരെയുമുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കലും സൗജന്യമാണെന്ന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി അറിയിച്ചു.

ആധാറിലെ പേര്, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിരലടയാളം, കണ്ണിലെ റെറ്റിന എന്നിവ പുതുക്കാം.

രണ്ടു ഘട്ടമായാണ് നിരക്കുകൾ ഉയർത്തുന്നത്.

ഒക്ടോബർ ഒന്നു മുതൽ 2028 സെപ്തംബർ 30വരെയാണ് ആദ്യവർദ്ധന. രണ്ടാം വർദ്ധന 2028 ഒക്ടോബർ ഒന്നു മുതൽ 2031സെപ്തംബർ 30 വരെ ബാധകമായിരിക്കും.

17 നു മുകളിലുള്ളവർക്ക് ബയോമെട്രിക് പുതുക്കലിന് ഈ ഒക്ടോബർ മുതൽ 125 രൂപ നൽകണം. 2028 ഒക്‌ടോബർ മുതൽ 150 രൂപ നൽകണം.

 വ‌ർദ്ധന ഇങ്ങനെ

(തുക)

നിലവിൽ................ഒക്ടോ.മുതൽ.................2028 ഒക്‌ടോ. മുതൽ

50............................................75...................................90

100.........................................125................................150

പ്രതിഫലം വർദ്ധിപ്പിച്ചു

# ആധാർ സേവന കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നൽകുന്ന പ്രതിഫലത്തിലും വർദ്ധനയുണ്ട്. അഞ്ചു വയസ് വരെയുള്ള കുട്ടികൾ ആധാർ എടുക്കുന്നതിന്

ജി.എസ്.ടി. ഉൾപ്പെടെ 75രൂപയും അതിന് മുകളിലുള്ളവർക്ക് 125 രൂപയും നൽകും.

# 5 മുതൽ ഏഴു വരെയും 15 മുതൽ 17 വരെയുമുള്ള നിർബന്ധിത ബയോമെട്രിക് പുതുക്കലിന് 125 രൂപ ലഭിക്കും. നിലവിൽ ഇത് യഥാക്രമം 50, 100 രൂപയാണ്.

 പ്രതിഫലം കുടിശിക

ആധാർ ഓപ്പറേറ്റേഴ്സിനുള്ള പ്രതിഫലമായി യു.ഐ.ഡി അതോറ്റി സംസ്ഥാന ഐ.ടി മിഷന് കൈമാറിയ തുക 2023 മുതൽ വിതരണം ചെയ്തിട്ടില്ലെന്നും ഇതുമൂലം സേവനകേന്ദ്രങ്ങൾ പ്രതിസന്ധിയിലാണെന്നും ആധാർ സംരംഭകർ പറഞ്ഞു.