പുളിക്കീഴിൽ സ്ഥലം കണ്ടെത്തി; അതിദരിദ്ര കുടുംബങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നു

Tuesday 23 September 2025 2:19 AM IST
തിരുവല്ല താലൂക്കിലെ അതിദരിദ്രർക്കു വീടുവച്ചു നൽകാനുള്ള പുളിക്കീഴിലെ സ്ഥലം റവന്യൂ ഉദ്യോഗസ്‌ഥർ അളന്നുതിരിക്കുന്നു

തിരുവല്ല : തിരുവല്ലയെ അതിദരിദ്രർ ഇല്ലാത്ത താലൂക്കായി മാറ്റുന്നതിന് നടപടികൾ തുടങ്ങി. താലൂക്കിലെ അതിദരിദ്ര കുടുംബങ്ങൾക്കായി അനുബന്ധസൗകര്യങ്ങൾ ഒരുക്കി നൽകുന്നു. ഇതിന്റെ ആദ്യഘട്ടമായി പുളിക്കീഴിൽ സ്ഥലം കണ്ടെത്തി ഒരുക്കങ്ങൾ തുടങ്ങി. കടപ്ര വില്ലേജിൽ ആലുംതുരുത്തിയിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്ന സ്‌ഥലത്തിന് സമീപത്താണ് അരയേക്കറോളം സ്‌ഥലം റവന്യൂ വകുപ്പ് അളന്നു തിരിച്ചെടുത്തത്. തുടർന്ന് വീടും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും ഇവർക്ക് ഒരു കുടക്കീഴിൽ ഒരുങ്ങും. താലൂക്കിൽ അതിദരിദ്രരായിട്ടുള്ളവർ 25 പേരുണ്ടെന്നാണ്‌ സർവേയിൽ കണ്ടെത്തിയത്. ഇതിൽ 12 പേർക്ക് വിവിധ പദ്ധതികളിലായി വീടും സ്ഥലവും ലഭിച്ചു. ബാക്കിയുള്ള 13 പേർക്കാണ് 3 സെന്റ് സ്‌ഥലം വീതം പട്ടയം നൽകി വീടുവച്ചു കൊടുക്കാനുള്ള പദ്ധതി തുടങ്ങുന്നത്. കടപ്ര, നിരണം, കവിയൂർ വില്ലേജുകളിലുള്ളവരാണിവർ. ഓരോരുത്തർക്കും മൂന്ന് സെന്റ് സ്‌ഥലം വീതമാണ് നൽകുക. പൊതു കിണർ, ജലസംഭരണി, അമിനിറ്റി സെന്റർ എന്നിവയുമുണ്ടാകും. ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് ഇവർക്കു കടപ്ര വില്ലേജിൽ ഭൂമി കണ്ടെത്തിയിട്ടുള്ളത്. ഭൂമി അളന്നു തിരിക്കുന്ന നടപടികൾക്കു തഹസിൽദാർ ജോബിൻ കെ.ജോർജ്, സർവേ സൂപ്രണ്ട് വിജയകുമാർ, ഡെപ്യൂട്ടി തഹസിൽദാർ (ഹെഡ്‌ക്വാർട്ടേഴ്സ്) പി.ബിജുമോൻ, കെ.ജി.ഹരിദാസ്, വി.എസ്.വിജി എന്നിവർ നേതൃത്വം നൽകി.