പൊറോട്ടയ്ക്കും വില കുറച്ചു; പക്ഷേ ഹോട്ടലുകളില്‍ കുറയില്ല, അതിന് കാരണമുണ്ട്
മലയാളിയുടെ ദേശീയ ഭക്ഷണം എന്നൊരു വിളിപ്പേരുണ്ട് പൊറോട്ടയ്ക്ക്. ബീഫും കൂട്ടി കഴിക്കാന്‍ ഇതുപോലെ സ്വാദുള്ള ഒരു ഭക്ഷണം വേറെയില്ലെന്നതാണ് അത്തരമൊരു പേര് വരാന്‍ കാരണം. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്‌കാരങ്ങളില്‍ പൊറോട്ടയും ഉള്‍പ്പെടുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് ഭക്ഷണ പ്രേമികളെ തേടിയെത്തിയത്. 18 ശതമാനമുണ്ടായിരുന്ന ജിഎസ്ടി ആണ് ഒഴിവാക്കിയത്. എന്നാല്‍ അതുകൊണ്ട് ഇനി കൂടുതല്‍ പൊറോട്ട തിന്നാമെന്ന് ആരും കരുതേണ്ട.
18 ശതമാനം ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയെന്ന ന്യായം പറഞ്ഞ് ചേന്നാല്‍ ഹോട്ടല്‍ ഉടമകള്‍ അത് കേട്ട ഭാവം നടിക്കാന്‍ പോകുന്നില്ല. കാരണം വിലക്കുറവ് ഹോട്ടലുകളിലും തട്ടുകടകളിലും വില്‍ക്കുന്ന പൊറോട്ടയ്ക്ക് ബാധകമല്ല എന്നത് തന്നെ. നേരത്തെ നല്‍കിയിരുന്ന അതേ വില തന്നെ പൊറോട്ടയ്ക്ക് നല്‍കി ഇനിയും കഴിക്കേണ്ടി വരും. പാക്കറ്റുകളില്‍ വില്‍ക്കുന്ന പൊറോട്ടയ്ക്കും ചപ്പാത്തിക്കുമാണ് ജിഎസ്ടി ഒഴിവാക്കിയത്.
പറാത്ത, പൊറോട്ട, റൊട്ടി അടക്കമുള്ള ഇന്ത്യന്‍ ബ്രെഡ് എന്ന വിഭാഗത്തില്‍ വരുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കുന്നതാണ് പുതിയ പരിഷ്‌കാരം. നേരത്തെ സാധാരണ ബ്രെഡുകള്‍ക്ക് മാത്രമാണ് ജിഎസ്ടി ഇല്ലാതിരുന്നത്. ഇതിന്റെ പേരില്‍ കോടതി കയറിയ പൊറോട്ട യുദ്ധമാണ് ഇതോടെ അവസാനമാകുന്നത്. പഴയ നികുതി ഘടന പ്രകാരം പറാത്ത, പൊറോട്ട, പിസ്സ ബ്രെഡ് എന്നിവയ്ക്ക് 5-18 ശതമാനം വരെ നികുതി ഈടാക്കിയിരുന്നു.