സ്കൂൾ ബോക്സിംഗ് : ഒഫിഷ്യലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

Monday 22 September 2025 11:23 PM IST

തിരുവനന്തപുരം : ഇന്നുമുതൽ 28-ാം തീയതിവരെ കണ്ണൂരിൽ നടത്താൻ നിശ്ചയിച്ചിക്കുന്ന സംസ്ഥാന ജൂനിയർ സ്കൂൾ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഒഫിഷ്യൽമാരുടെ പട്ടികയിൽ വിവിധ ആരോപണങ്ങൾ നേരിടുന്നവരെ ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി. ബോക്സിംഗ് പരിശീലകൻ കൂടിയായ തൃശൂർ നീലിപ്പാറയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ് പരാതി നൽകിയിരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരനടത്തിപ്പിനായി വിദ്യാഭ്യാസവകുപ്പ് സംസ്ഥാന സ്പോർട്സ് കൗൺസിലിനെയാണ് ബന്ധപ്പെട്ടത്. സ്പോർട്സ് കൗൺസിൽ തങ്ങളുടെ ടെക്നിക്കൽ കമ്മറ്റിയിൽ നിന്ന് നൽകിയ ഒഫിഷ്യൽസിന്റെ പട്ടികയിലാണ് ആരോപണവിധേയരുള്ളതെന്നാണ് പരാതി. ആരോപണവിധേയരെ മാറ്റണമെന്ന് സ്പോർട്സ് കൗൺസിലിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ കേരള കൗമുദിയോട് പറഞ്ഞു.