അജിത്കുമാർ കേസ്: ഹർജികൾ 25ന് പരിഗണിക്കും
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളി തിരുവനന്തപുരം വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി വ്യാഴാഴ്ച ഒരുമിച്ച് പരിഗണിക്കും. വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി ഇന്നലെ ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചിൽ പരിഗണനയ്ക്ക് വന്നിരുന്നു. തുടർന്നാണ് ഒരുമിച്ച് പരിഗണിക്കാമെന്ന് അറിയിച്ചത്. വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജിത്കുമാറും, ഈ ആവശ്യത്തെ എതിർത്ത് മുൻ എം.എൽ.എ പി.വി. അൻവറും ഹർജി നൽകിയിട്ടുണ്ട്.
സർവീസ് റോഡ് ഇടിഞ്ഞു --
പാലിയേക്കര ടോൾ വിലക്ക് നീക്കാതെ ഹൈക്കോടതി
കൊച്ചി: തൃശൂർ - എറണാകുളം ദേശീയപാതയിലെ പാലിയേക്കരയിൽ ടോൾ പിരിവിനുള്ള വിലക്ക് തുടരും. പിരിവ് സംബന്ധിച്ച ഉത്തരവ് പറയുന്നത് ഹൈക്കോടതി നീട്ടിവച്ചു. അടിപ്പാത നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ ഞായറാഴ്ച സർവീസ് റോഡ് ഇടിയുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണിത്. സർവീസ് റോഡിന്റെ സ്ഥിതി സംബന്ധിച്ച് കളക്ടർ ദേശീയപാത അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി കോടതിയെ അറിയിക്കണം. ഇത് പരിശോധിച്ചാകും തീരുമാനം. ടോൾ വിലക്ക് വ്യാഴാഴ്ച വരെ തുടരും. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിഷയം നാളെ പരിഗണിക്കാൻ മാറ്റി. വിലക്ക് നീക്കുന്നതിൽ ഉപാധികളോടെ ഉത്തരവുണ്ടാകുമെന്ന് വെള്ളിയാഴ്ച ഡിവിഷൻബെഞ്ച് അറിയിച്ചിരുന്നു. ഇന്നലെ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കേയാണ്, മണ്ണിടിച്ചിൽ ഹർജിക്കാർ ശ്രദ്ധയിൽപ്പെടുത്തിയത്. നിർമ്മാണ പ്രവൃത്തിക്കായി ഭൂമി കുഴിച്ചപ്പോൾ സംഭവിച്ചതാണെന്നും ഉടൻ പരിഹരിച്ചെന്നും ഹൈവേ അതോറിറ്റി വിശദീകരിച്ചു. എന്നാൽ ഗുരുതര ഗതാഗതക്കുരുക്കുണ്ടായെന്നും പ്രശ്നസാദ്ധ്യത തുടരുകയാണെന്നും ഓൺലൈനായി ഹാജരായ തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കരാറുകാരുടെ പിഴവുകാരണം പ്രത്യാഘാതം തങ്ങളാണ് അനുഭവിക്കുന്നതെന്ന് ടോൾ കമ്പനി വാദിച്ചു. ജനങ്ങളാണ് ആത്യന്തികമായി ദുരിതമനുഭവിക്കുന്നതെന്ന് കോടതി പറഞ്ഞു. അടിയന്തരമായി തീർപ്പാക്കണമെന്ന ആവശ്യവും തള്ളി.