ഇടത് ഐക്യം ആഹ്വാനം ചെയ്ത് സി.പി.ഐ, 25-ാം പാർട്ടി കോൺഗ്രസിന് തുടക്കം
രാജ്യത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും മേലുള്ള വെല്ലുവിളി നേരിടാൻ ഇടത് ഐക്യം അനിവാര്യമെന്ന സന്ദേശമുയർത്തി സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിന് തുടക്കം. ചണ്ഡിഗർ കിസാൻ ഭവനിൽ (സുധാകർ റെഡ്ഡി നഗർ) പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത ജനറൽ സെക്രട്ടറി ഡി. രാജ ഇക്കാര്യം ചൂണ്ടിക്കാട്ടി.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ അപകട നീക്കത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാൻ ഇടതുപക്ഷത്തിനാകും. വിശാല പ്രതിപക്ഷത്തിന് പ്രത്യയശാസ്ത്രപരമായ നേർവഴി കാട്ടേണ്ട ചരിത്രപരമായ ബാദ്ധ്യത ഇടതു പാർട്ടികൾക്കുണ്ട്. ഇതിനായി വിശാല ഇടത് ഐക്യത്തിന്റെ സന്ദേശം നൽകേണ്ടതുണ്ടെന്ന് രാജ പറഞ്ഞു.
ബംഗ്ളാദേശ്, ശ്രീലങ്ക, നേപ്പാൾ രാജ്യങ്ങളിലുണ്ടായ ജനകീയ പ്രതിഷേധം ഇന്ത്യയിൽ സംഭവിക്കാതിരിക്കാൻ ഇടത് ഇടപെടൽ അനിവാര്യമാണ്. ജനരോഷത്തെ സോഷ്യലിസത്തിലേക്കും ജനാധിപത്യത്തിലേക്കും തിരിച്ചുവിടാൻ കമ്മ്യൂണിസ്റ്റ് ഇടത് ശക്തികൾക്കേ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇടത് ഏകോപനത്തോടെ ജനകീയ പ്രചാരണങ്ങൾ അനിവാര്യമെന്ന് ഫോർവേഡ് ബ്ളോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ പറഞ്ഞു. ചടങ്ങിൽ സംസാരിച്ച സി.പി.ഐ (എം.എൽ ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവരും ഒന്നിച്ചുള്ള പോരാട്ടങ്ങൾ അനിവാര്യമെന്ന് ചൂണ്ടിക്കാട്ടി.
സി.പി.ഐ മുൻ പഞ്ചാബ് സെക്രട്ടറി ഭൂപീന്ദർ സാംബർ പതാകയും, രക്തസാക്ഷി ഭഗത് സിംഗിന്റെ അനന്തരവൻ പ്രൊഫ. ജഗ്മോഹൻ സിംഗ് ദേശീയ പതാകയും ഉയർത്തി. ഉച്ചയ്ക്കു ശേഷം തുടങ്ങിയ പ്രതിനിധി സമ്മേളനത്തിൽ കരട് റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ഒന്നിക്കേണ്ടത് അനിവാര്യം:
എം.എ. ബേബി
സുസ്ഥിരവും ശാസ്ത്രീയവുമായ നിലപാടുകളുള്ള ഇടതു പാർട്ടികൾ പരിമിതികൾ മനസിലാക്കി, ശക്തി മറക്കാതെ ഒന്നിക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടന സമ്മേളനത്തിൽ ആശംസ നേർന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. ഇടതുപാർട്ടികളുടെ ശക്തി ആർക്കും അവഗണിക്കാൻ കഴിയില്ല. ഇടത് സ്വാധീനത്തിന് വെളിയിലുള്ള വലിയ വിഭാഗം ജനങ്ങളിലേക്ക് എങ്ങനെ എത്താമെന്നതും ചർച്ചയാകണം. പഞ്ചാബിന്റെ ധീരനായകനായിരുന്ന ഭഗത് സിംഗിന്റെ ജീവിത സന്ദേശം ജെൻ സി തലമുറയിലെത്തിക്കാൻ ഇടത്, കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിയണം. ഇടത് പാർട്ടികൾക്ക് സ്വാധീനുള്ള ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് അതിനുള്ള വേദിയാകണമെന്നും വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടേത് വ്യക്തിപരമായ അഭിപ്രായം
പിണറായി വിജയൻ അയ്യപ്പ ഭക്തനായെന്ന വെള്ളാപ്പള്ളിയുടെ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണെന്ന് എം.എ.ബേബി. പിണറായി എങ്ങനെയുള്ള കമ്മ്യൂണിസ്റ്റ് ആണെന്ന് തനിക്ക് നേരിട്ടറിയാമെന്നും ചണ്ഡിഗഡിൽ മാദ്ധ്യമ പ്രവർത്തകരോട് എം.എ. ബേബി പറഞ്ഞു. അയ്യപ്പ സംഗമം വിജയമായോ എന്ന ചോദ്യത്തോട് അത് മനസിലാക്കേണ്ടതുണ്ടെന്നായിരുന്നു മറുപടി. വളരെ കാലികമായ ഇടപെടൽ ആണ് ദേവസ്വം ബോർഡ് നടത്തിയത്. ഹിന്ദു ദിനപത്രത്തിൽ അതേപ്പറ്റി താൻ ലേഖമെഴുതിയിരുന്നു. അതിന്റെ പരിഭാഷ കുറെ തെറ്റോട് കൂടി ആണെങ്കിലും പാർട്ടി പത്രമായ ദേശാഭിമാനിയിൽ വന്നിട്ടുണ്ടെന്നും ബേബി ഹാസ്യരൂപേണ പറഞ്ഞു.
പാലസ്തീൻ, ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം
ചണ്ഡിഗഡ്: അധിനിവേശത്തിനെതിരെ പൊരുതുന്ന പാലസ്തീൻ ജനതയ്ക്കും യു.എസ് പിന്തുണയോടെയുള്ള ഉപരോധം പ്രതിരോധിക്കുന്ന ക്യൂബയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ പാർട്ടി കോൺഗ്രസ്. പാലസ്തീൻ ഐക്യദാർഢ്യ പ്രമേയം പി. സന്തോഷ്കുമാറും ക്യൂബൻ ചെറുത്തു നിൽപ്പുകളെ പിന്തുണയ്ക്കുന്ന പ്രമേയം ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജയും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രത്യേക സെഷനിൽ ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷവേഷും ക്യൂബൻ അംബാസഡർ യുവാൻ കാർലോസ് മർസാൻ അഗുലിയേരയും പങ്കെടുത്തു. 25-ാം പാർട്ടി കോൺഗ്രസിനുള്ള ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശംസ യുവാൻ കാർലോസ് ചടങ്ങിൽ വായിച്ചു.
കരട് രാഷ്ട്രീയ റിപ്പോർട്ടിൻമേൽ ഇന്ന് ചർച്ച
പ്രസൂൻ എസ്.കണ്ടത്ത്
ചണ്ഡിഗഡ്: കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അമർജിത് കൗറിന്റെ അദ്ധ്യക്ഷതയിലുള്ള 10 അംഗ പ്രസീഡിയം കമ്മിറ്റിയും ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയുമാണ് സി.പി.ഐ പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നിയന്ത്രിക്കുന്നത്. പ്രസീഡിയത്തിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം പി.പി. സുനീറുമുണ്ട്. ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡി. രാജ കരട് രാഷ്ട്രീയ റിപ്പോർട്ടും ഡോ.ബാലചന്ദ്ര കാംഗോ കരട് അവലോകന റിപ്പോർട്ടും കെ.നാരായണ റാവു കരട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കരട് രാഷ്ട്രീയ റിപ്പോർട്ടിൻമേൽ ഇന്ന് ചർച്ച തുടങ്ങും. പഞ്ചാബിലെ മഴക്കെടുതി നഷ്ടങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം കിസാൻസഭ അദ്ധ്യക്ഷൻ രാജൻ ശിവ്സാഗറും ജി.എസ്. ടിയുമായി ബന്ധപ്പെട്ട പ്രമേയം പി. സന്തോഷ് കുമാർ എം പിയും അവതരിപ്പിച്ചു. നാഗേന്ദ്ര നാഥ് ഓഝ, ബി.എം മൂർത്തി, ബി. വെങ്കയ്യ, ഹർദേവ് അർഷി, മുഹമ്മദ് സലിം, ബ്രാന്തി അധികാരി, ദിനേശ് ശ്രീരംഗരാജ്, ദേവി കുമാരി എന്നിവരാണ് മറ്റ് പ്രസീഡിയം അംഗങ്ങൾ.
സി.പി.ഐ സംഘടനാ റിപ്പോർട്ട്......... ചില നേതാക്കൾ വ്യക്തിഗത നേട്ടങ്ങൾ ലക്ഷ്യമിടുന്നു ചിലരുടെ ശ്രദ്ധ പണത്തിലും പ്രശസ്തിയിലും
പ്രത്യേക ലേഖകൻ
ചണ്ഡിഗർ: ചില നേതാക്കൾ വ്യക്തിപരമായ നേട്ടങ്ങൾ മാത്രം ലക്ഷ്യമിടുന്നത് പാർട്ടിയുടെ വളർച്ചയെ ബാധിക്കുന്നുവെന്ന് സി.പി.ഐ പാർട്ടി കോൺഗ്രസിൽ ഇന്നലെ അവതരിപ്പിച്ച കരട് സംഘടനാ റിപ്പോർട്ടിൽ വിമർശനം. ഇത് പാർട്ടിയുടെ കൂട്ടായ പ്രവർത്തനങ്ങളെ ദുർബലമാക്കുന്നു. ഇത്തരക്കാർ തിരഞ്ഞെടുപ്പുകളിൽ സീറ്റ് നിഷേധിക്കപ്പെടുമ്പോൾ പാർട്ടി വിടുമെന്ന് ഭീഷണിമുഴക്കുന്നു. ചില ഘടകങ്ങളിൽ വിഭാഗീയതയും അനിയന്ത്രിതമായി.
പാർട്ടി ഭരണഘടന പഠിക്കാതെയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെയും വെറും നിവേദനം നൽകുന്നത് മാത്രമാണ് പ്രവർത്തനമെന്ന് കരുതുന്നവരുണ്ട്. പണം സമ്പാദിക്കുന്നതിലും പ്രശസ്തിയിലും മാത്രമാണ് ചിലരുടെ ശ്രദ്ധ. വനിതകളെ പാർശ്വവത്കരിച്ച് പാർട്ടിക്ക് മുന്നോട്ടു പോകാനാകില്ല. വലിയ തോതിലുള്ള ജനകീയ സമരങ്ങൾ സംഘടിപ്പിക്കാൻ കഴിയാത്തത് സംഘടനാ ദൗർബല്യമാണ്. 1980ന് ശേഷം അംഗത്വമെടുത്തവർക്ക് പ്രത്യയശാസ്ത്രം, സംഘടനാ അച്ചടക്കം എന്നിവയിൽ വിദ്യാഭ്യാസം നൽകണം.
സമൂഹ മാദ്ധ്യമ സാന്നിദ്ധ്യം കൂട്ടണം കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേതു പോലെ മറ്റ് ഘടകങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കണം. അതേസമയം, പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി നേതാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ ഇടരുത്.
100 രൂപാ വീതം പിരിക്കണം പാർട്ടി ശതാബ്ദി ആഘോഷങ്ങൾക്കായി അംഗങ്ങളിൽനിന്ന് നൂറുരൂപാ വീതം പിരിക്കാനും റിപ്പോർട്ടിൽ ശുപാർശ. ഇതിൽ 50 രൂപ കേന്ദ്ര കമ്മിറ്റിക്ക് നൽകണം. സംസ്ഥാന ഘടകങ്ങൾ ഒരു കോടിരൂപ വീതം സമാഹരിക്കാനുള്ള 2023ലെ നിർദ്ദേശം കേരളഘടകം മാത്രമാണ് അനുസരിച്ചത്. കേരളത്തിൽ നിന്ന് കൂടുതൽ തുക ലഭിച്ചു.