വേണ്ടത് സനാതന ധർമ്മപരിപാലന സർക്കാർ : സ്വാമി അയ്യപ്പദാസ്

Tuesday 23 September 2025 12:31 AM IST

പന്തളം: സനാതന ധർമ്മത്തെ പരിപാലിക്കാൻ കഴിയുന്ന സർക്കാരാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് അയ്യപ്പ സേവാസമാജം സ്ഥാപക ജനറൽ സെക്രട്ടറി സ്വാമി അയ്യപ്പദാസ്. വിശ്വാസ സംരക്ഷണം സംബന്ധിച്ച സെമിനാറിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയെ തകർക്കാൻ കാലാകാലങ്ങളായി ശ്രമം നടന്നുവരുകയാണ്.

ശബരിമല നിലനിൽക്കുന്നതുകൊണ്ടാണ് ഹിന്ദുജനത ഇവിടെ ശേഷിക്കുന്നത്. അതില്ലായിരുന്നുവെങ്കിൽ ഹിന്ദുക്കളെ പരിവർത്തനം ചെയ്ത് വിശ്വാസത്തെ തകർക്കാൻ ഇതര മതസ്ഥർക്ക് കഴിയുമായിരുന്നു. അതിനാലാണ് ഏതു വിധേനയും ശബരിമലയെ തകർക്കാനുള്ള നീക്കം സർക്കാർ തലത്തിൽ നടന്നുവരുന്നത്. ഇത്തരത്തിലുള്ള ശ്രമം ആരംഭിച്ച കാലത്ത് സ്വാമി ചിന്മയാനന്ദൻ ചോദിച്ചത് നിങ്ങളുടെ കൈവശമുള്ള ആയുധം എവിടെയായിരുന്നു എന്നാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ആ ആയുധം ഉപയോഗിക്കാനുള്ള അവസരം ഹിന്ദുക്കൾക്ക് വന്നു ചേരുമെന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട് പരാമർശിക്കാതെ സ്വമി അയ്യപ്പദാസ് പറഞ്ഞു. ഇനി അയ്യപ്പനെതിരെ ഒരു ശബ്ദവും ഉയരാൻ അനുവദിക്കരുത്. അയോദ്ധ്യയിലെ ശ്രീരാമനെപ്പോലെ ശബരിമലയിലെ അയ്യപ്പനെ കാണണമെന്നും സ്വാമി പറഞ്ഞു. ശബരിമലയെ കളങ്കപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ലെന്ന് ഡോ.പൂജപ്പുര കൃഷ്ണൻ നായർ പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി അദ്ധ്യക്ഷൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.