സനാതന ധർമ്മത്തിന്റെ വിജയം: കെ.പി.ശശികല

Tuesday 23 September 2025 12:33 AM IST

പന്തളം : ശബരിമലയെ തകർക്കാൻ ശ്രമിച്ചവർ അയ്യപ്പവിഗ്രഹം ഏറ്റുവാങ്ങിയത് സനാതന ധർമ്മത്തിന്റെ വിജയമാണെന്ന് ശബരിമല കർമസമിതി ചെയർപേഴ്സൺ കെ.പി.ശശികല പറഞ്ഞു. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അവർ. അധികാരത്തിന്റെ പിൻതുണയും ആരുടെയും ആജ്ഞയും ഇല്ലാതെ ഇവിടെ എത്തിയ അയ്യപ്പ വിശ്വാസികൾ നൽകുന്നത് വാക്കുകൾക്ക് അതീതമായ സന്ദേശമാണ്. വിശ്വാസത്തിൽ ഊന്നിയുള്ള വികസനമാണ് ശബരിമലയിൽ വേണ്ടത്. വികസനം സുരക്ഷയ്ക്ക് ഭീഷണിയാകരുത്. ശബരിമല വിഷയം അടഞ്ഞ അദ്ധ്യായമല്ല. സത്യവാങ്ങ്മൂലം തിരുത്തുവാൻ തയ്യാറാകാത്ത സർക്കാർ വിശ്വാസ സംരക്ഷണത്തിന് തെരുവിലിറങ്ങിയ ആയിരക്കണക്കിന് ആളുകളുടെ കേസുകളിൽ ഒന്നു പോലും പിൻവലിച്ചിട്ടില്ല. ശബരിമല യുവതീപ്രവേശനം അടഞ്ഞ അദ്ധ്യായമല്ലെന്നും ശശികല പറഞ്ഞു. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, പിതാവ് കണ്ഠരര് മോഹനരര് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. വാഴൂർ തീർത്ഥപാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ സെമിനാർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ ദർശന രേഖ അവതരിപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാദ്ധ്യക്ഷൻ വൽസൻ തില്ലങ്കേരി, അയ്യപ്പ സേവാസമാജം സ്ഥാപക കട്രസ്റ്റി വി.കെ.വിശ്വനാഥൻ, സംസ്ഥാന പ്രസിഡന്റ് പി.എൻ.നാരായണ വർമ്മ, ജോയിന്റ് ജനറൽ സെക്രട്ടറി ജയൻ ചെറുവളളിൽ, അയ്യപ്പ സേവാസമാജം തമിഴ്നാട് പ്രസിഡന്റ് വി.ജയചന്ദ്രൻ, വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് വിജിതമ്പി, ചെങ്കോട്ടുകോണം മഠാധിപതി ശക്തി ശാന്താനന്ദ മഹർഷി, സ്വാമി പ്രഞ്ജാനാനാന്ദ, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, അക്കിരമൺ കാളിദാസ ഭട്ടതിരി, ശബരിമല മുൻ മേൽശാന്തി അഴകത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശ്രീലങ്കൻ മുൻ ഐ.ടി മന്ത്രി ഡോ.ഋഷിസെന്തിൽരാജ്, ശ്രീലങ്കൻ നാഷണൽ മഹാസഭയുടെ പ്രസിഡന്റ്‌ മഹാഗുരു രവി ഗുരുസ്വാമി എന്നിവർ പ്രസംഗിച്ചു. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ സമാപന പ്രസംഗം നടത്തി. വി.എച്ച്.പി സംസ്ഥാന സെക്രട്ടറി അനിൽ വിളയിൽ സ്വാഗതവും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ബിജു കൃതജ്ഞതയും പറഞ്ഞു.