ഉയരത്തിൽ തീറ്റ വില ; പ്രതിസന്ധിയിൽ കാലി വളർത്തൽ
തിരുവനന്തപുരം: വർദ്ധിക്കുന്ന തീറ്റ വിലയും കൂലിച്ചെലവും പ്രതിസന്ധിയായതോടെ ,കളം വിട്ടൊഴിഞ്ഞ് ക്ഷീരകർഷകർ.സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ രണ്ടു ലക്ഷത്തോളം കർഷകരാണ് മേഖല വിട്ടത്.
പാൽ വിറ്റു കിട്ടുന്ന തുകയുടെ മുക്കാൽപ്പങ്കും പശുവിന്റെ പരിപാലനത്തിന് വേണ്ടി വരുന്നതാണ് കർഷകർ പിന്മാറാൻ കാരണം.പുറമെ കറവക്കാരന്റെ കൂലി,വൈദ്യുതിചാർജ്, മറ്റു കൂലിച്ചെലവുകൾ എന്നിവ കണക്കാക്കിയാൽ വലിയ നഷ്ടമാണ്. കറവപ്പശുവിന് 5 കിലോ തീറ്റയും ഒരു കിലോ പിണ്ണാക്കും, മിനിമം 30 കിലോ പച്ചപ്പുല്ലും രണ്ടു പിടി വൈക്കോലുമാണ് ഒരു ദിവസവും വേണ്ടത്. 10 ലിറ്റർ പാൽ നൽകുന്ന പശുവിന് പ്രതിദിനം 300, മുതൽ 350 രൂപ വരെ ചെലവ് വരും. കാത്സ്യം അടക്കമുള്ള ധാതുലവണ മിശ്രിതത്തിനും തുക കണ്ടെത്തണം. ഈ ചെലവെല്ലാം കഴിഞ്ഞാൽ കുടുംബം പോറ്റാനാവില്ലെന്നാണ് ക്ഷീര കർഷകരുടെ പരാതി.
മിൽമയുടെ കണക്കനുസരിച്ച് കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലിറ്ററും ഖരപദാർത്ഥങ്ങളുടെ അളവ് (എസ്.എൻ.എഫ്) 8.5 മില്ലി ലിറ്ററുമുള്ള ഒരു ലിറ്റർ പാലിന് ശരാശരി 44 രൂപയാണ് ലഭിക്കുന്നത്.പശുക്കൾക്ക് രോഗങ്ങൾ പിടിപെട്ടാൽ മരുന്നിനായി വലിയ ബാദ്ധ്യതയാണ് ഉണ്ടാകുന്നത്. 2022 ഡിസംബറിലാണ് പാൽ വില കൂട്ടിയത്. അതിനു ശേഷം പലപ്പോഴായി തീറ്റ,പിണ്ണാക്ക് എന്നിവയുടെ വില വർദ്ധിച്ചു. മിൽമ,കേരള ഫീഡ്സ് തീറ്റയ്‌ക്ക് സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയെക്കാൾ വില കൂടുതലുമാണ്.
തീറ്റവില
(50 കിലോ ചാക്കിന്)
മിൽമ -1550 പിണ്ണാക്ക് (എള്ള്)- 2400 പിണ്ണാക്ക് (കടല)- 2500 പരുത്തിക്കുരു- 3000
'പാൽ വില വർദ്ധന നടപ്പാക്കിയാലുടൻ തീറ്റയുടെയും പിണ്ണാക്കിന്റെയും വില കൂടുന്നതാണ് വെല്ലുവിളി. ഇതിനുള്ള പരിഹാരം സർക്കാർ തലത്തിലുണ്ടാവണം.' .
-ഈഞ്ചപ്പുരി സന്തു പ്രസിഡന്റ്,
ചൂഴ ക്ഷീര സംഘം