ഓവർബ്രിഡ്ജ് സ്ഥലമെറ്റടുക്കലിന് വിജ്ഞാപനമായി, കുശാൽ നഗറിന് ആശ്വാസം

Tuesday 23 September 2025 12:09 AM IST
കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റ് തുറന്നപ്പോഴുള്ള തിരക്ക്‌

കാഞ്ഞങ്ങാട്: വളരെ കാലമായി അനുഭവിച്ചുവരുന്ന തീരദേശ മേഖലയുടെ യാത്രാക്ലേശത്തിനു പരിഹാരമാകുന്നു. കുശാൽ നഗർ റെയിൽവേ ഓവർബ്രിഡ്ജിന് സ്ഥലമെറ്റടുക്കലിനുള്ള വിജ്ഞാപനമിറങ്ങി.

ഒരു ഏക്കർ 44 സെന്റ് ഭൂമിയാണ് ഓവർബ്രിഡ്ജിനായി റെയിൽവേക്ക് വേണ്ടി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. ആറു മാസത്തിനകം സ്ഥലമേറ്റടുക്കൽ നടക്കും. ചെയർമാൻ കെ. മുഹമ്മദ് കുഞ്ഞി, ജനറൽ കൺവീനർ കെ.പി. മോഹനൻ അബ്ദുൾ സത്താർ, സന്തോഷ് കുശാൽ നഗർ, രാജീവൻ, ഹംസ കുശാൽനഗർ, പാലാട്ട് ഇബ്രാഹിം തുടങ്ങിയവർ ഓവർബ്രിഡ്ജിനായി അക്ഷീണം പ്രയത്നിച്ചവരായിരുന്നു.

2013ലാണ് കുശാൽ നഗറിൽ ഓവർബ്രിഡ്ജ് വേണമെന്ന ആവശ്യം ശക്തമാകുന്നത്. ഓവർബ്രിഡ്ജിനു പച്ചക്കൊടി കാട്ടി 2014ൽ റെയിൽവേ ബഡ്ജറ്റിൽ പത്ത് ലക്ഷം രൂപ വകയിരുത്തി. പിന്നീട് 2015ൽ 38 കോടിയും വകയിരുത്തി. എന്നാൽ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുല്യ പങ്കാളിത്തം വേണമെന്ന നിബന്ധന വന്നതോടെ തുടർനടപടി നീണ്ടുപോയി.

യു.ഡി.എഫ്. സർക്കാരിന്റെ അവസാന കാലത്ത് ഡി.പി.ആർ. തയ്യാറാക്കാൻ തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ വീണ്ടും കാര്യങ്ങൾ നിലച്ചു. അതിനുശേഷം കുശാൽ നഗർ ഓവർബ്രിഡ്ജ് ആക്ഷൻ കമ്മിറ്റിയുടെ ശ്രമ ഫലമായി റെയിൽവേ ഓവർബ്രിഡ്ജിനുള്ള പണം കിഫ്ബിയിൽ അനുവദിച്ചു കിട്ടിയിരുന്നു. ശേഷം കെ റെയിൽ പദ്ധതി വന്നതോടെ വീണ്ടും കുശാൽ നഗർ ഓവർബ്രിഡ്ജിനു മേൽ കരിനീഴൽ വീണു. എന്നാൽ കെ റെയിൽ ഓവർബ്രിഡ്ജ് പ്രവൃത്തിക്ക് പ്രശ്നമല്ല എന്ന് വന്നതോടെ വീണ്ടും കുശാൽ നഗർ ഓവർബ്രിഡ്ജ് പ്രവർത്തിക്കായുള്ള ശ്രമങ്ങൾ ശക്തമാകുകയായിരുന്നു.

34 സ്ഥലങ്ങൾ

ഫെബ്രുവരിയിൽ സ്ഥലമേറ്റെടുക്കുന്നത് പഠിക്കാൻ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിനെ ഏൽപ്പിച്ചിരുന്നു. 34 സ്ഥലങ്ങളാണ് ഓവർബ്രിഡ്ജിനായി സർക്കാർ ഏറ്റെടുക്കുന്നതായി വിജ്ഞാപനത്തിൽ കാണിച്ചിരിക്കുന്നത്. സ്ഥലങ്ങളുടെ സ്വഭാവവും വിജ്ഞാപനത്തിൽ കാണിച്ചിട്ടുണ്ട്.

കുശാൽ നഗർ റെയിൽവേ ഗേറ്റ് തുറന്നപ്പോഴുള്ള തിരക്ക്‌