പത്രാധിപരുടെ നിലപാടുകൾ ഏറെ പ്രസക്തം: മന്ത്രി വാസവൻ

Tuesday 23 September 2025 12:55 AM IST

കോട്ടയം: പത്രാധിപർ കെ.സുകുമാരന്റെയും കേരളകൗമുദിയുടെയും പുരോഗമന നിലപാടുകൾ വർത്തമാന കാലത്തും ഏറെ പ്രസക്തമാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ജാതീയമായ വേർതിരിവുകൾക്കെതിരെ സർക്കാർ നിലപാടുകളോട് യോജിക്കുന്നതാണ് കേരളകൗമുദിയുടെ ആശയങ്ങൾ. കേരള കൗമുദി കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പത്രാധിപർ കെ.സുകുമാരൻ അനുസ്മരണ സമ്മേളനം കോട്ടയം പ്രസ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അനശ്വരനായ പത്രാധിപരാണ് കെ.സുകുമാരൻ. മാദ്ധ്യമ ലോകത്ത് പത്രത്തിന് നിർവഹിക്കാനുള്ള ദൗത്യം പ്രഭാഷണത്തിലൂടെ, എഴുത്തിലൂടെ ബോധ്യപ്പെടുത്തിയത് പത്രാധിപരാണ്. പത്രാധിപരുടെ വൈദഗ്ദ്ധ്യവും വീക്ഷണവും തിരിച്ചറിയുന്നത് എഡിറ്റോറിയലിലൂടെയാണ്. ശരിയുടെ പാതയാണ് കേരളകൗമുദി പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു.

വിവിധ മേഖലകളിൽ തിളങ്ങുന്ന കെ.പി കേശവൻ, കെ.കെ ഫിലിപ്പ്കുട്ടി, അഭിലാഷ് മഴുവഞ്ചേരിൽ, പി.കെ നാരായണൻ, ശരത്ത്, അനൂപ്, ഡോ.സി.വി ജെയിംസ്, കെ.പി സുരേന്ദ്രൻ വൈദ്യർ, വിജയകുമാർ, ആനന്ദവല്ലി എന്നിവരെ മന്ത്രി ആദരിച്ചു. ഫ്രാൻസിസ് ജോർജ് എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും അനുസ്മരണ പ്രഭാഷണം നടത്തി. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രത്യേക ലേഖകൻ വി.ജയകുമാർ സ്വാഗതവും ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ നന്ദിയും പറഞ്ഞു.