യു.ജി.സി കരടുരേഖ സ്വീകരിക്കില്ല: മന്ത്രി
Monday 22 September 2025 11:57 PM IST
തിരുവനന്തപുരം: യു.ജി.സി പ്രസിദ്ധീകരിച്ച ലേണിംഗ് ഔട്ട്കം ബേസ്ഡ് കരിക്കുലം കരടുരേഖ ഇപ്പോഴത്തെ നിലയ്ക്ക് കേരള സർക്കാർ സ്വീകരിക്കുന്നില്ലെന്ന് മന്ത്രി ഡോ. ആർ. ബിന്ദു കേന്ദ്ര സർക്കാരിനെ അറിയിച്ചു. യു.ജി.സി തയ്യാറാക്കിയ കരടുരേഖ പഠിക്കാൻ സംസ്ഥാനം നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിരീക്ഷണങ്ങൾ പരിശോധിച്ചാണ് തീരുമാനമെന്ന് മന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയും യു.ജി.സി ചെയർപേഴ്സണെയും അറിയിച്ചു. സർവകലാശാലകളുടെ സ്വയംഭരണത്തെ ഗുരുതരമായി ലംഘിക്കുന്നതാണ് യു.ജി.സി കരടുരേഖയെന്ന് മന്ത്രി വ്യക്തമാക്കി. സിലബസും കോഴ്സ് ഘടനയും വായനാ പട്ടികയുമെല്ലാം നിർദ്ദേശിച്ചുള്ള ഈ നടപടി യു.ജി.സിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾക്ക് അപ്പുറമുള്ളവയാണെന്നും ചൂണ്ടിക്കാട്ടി.