പൊതുവിദ്യാഭ്യാസ വകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കും
□ഒഴിവുകൾ നികത്തണമെന്നും മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വകുപ്പിലെയും, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെയും ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫയലുകളിലെ കാലതാമസം ഒഴിവാക്കണം. വിദ്യാർത്ഥികൾക്കുള്ള സേവനങ്ങൾ സമയബന്ധിതമായി നൽകണം..എല്ലാ ഓഫീസുകളിലും പഞ്ചിംഗ് കർശനമാക്കണം. ഫയലുകൾ പൂർണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റണം.വിജിലൻസ്, പെൻഷൻ, ഓഡിറ്റ് ഫയലുകളിൽ കാലതാമസമില്ലാതെ തീർപ്പ് കൽപ്പിക്കണം.
ഹയർസെക്കൻഡറി പുനർമൂല്യനിർണയം കഴിഞ്ഞ വിദ്യാർത്ഥികളിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തവർക്ക് അടിയന്തരമായി ലഭ്യമാക്കണം. പൊതു പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അധിക സമയം, സ്‌ക്രൈബ് പോലുള്ള ആനുകൂല്യങ്ങൾ പരീക്ഷ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപേ അനുവദിക്കണം.വകുപ്പിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് നികത്തണം. സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കണം. ഈ മാസം തന്നെ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) തസ്തികമാറ്റ നിയമന ഉത്തരവുകൾ നൽകണം. അടുത്ത മാസം ഒൻപതിന് അവസാനിക്കുന്ന യുപി സ്‌കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകളിലെ നിയമന നടപടികൾ വേഗത്തിലാക്കണം.
15,886 ഫയലുകൾ
തീർപ്പാക്കി
ജൂലായ് ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ നടത്തിയ ഫയൽ അദാലത്തിൽ 30,808 ഫയലുകളിൽ 15,886 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവ ഉടൻ തീർപ്പാക്കും.വകുപ്പിലെ പ്ലാൻഫണ്ടുകൾ ഉപയോഗിച്ചുള്ള പദ്ധതികൾ സാമ്പത്തിക വർഷത്തിന്റെ അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കാതെ നേരത്തെ പൂർത്തിയാക്കി ബില്ലുകൾ മാറണമെന്നും മന്ത്രി നിർദ്ദേശിച്ചു.