വി.സി.നിയമനം: മുഖ്യമന്ത്രിയെ  ഒഴിവാക്കാനുള്ള ഹർജിയിൽ  ഉടൻ  വാദം  കേൾക്കില്ല 

Tuesday 23 September 2025 1:14 AM IST

ജസ്റ്റിസ് സുധാൻഷു ധൂലിയ കമ്മിറ്റിയുടെ

റിപ്പോ‌ർട്ട് വരട്ടെയന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനപ്രക്രിയയിൽ നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന ഗവർണറുടെ ആവശ്യത്തിൽ അടിയന്തര വാദംകേൾക്കലിന് സുപ്രീംകോടതി വിസമ്മതിച്ചു. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ആവശ്യപ്പെട്ടു. ഇരു സർവകലാശാലകളിലും സ്ഥിരം വി.സി നിയമനത്തിനായി റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ട് വരട്ടെയെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,​ കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ വ്യക്തമാക്കി. ഗവർണറുടെ അപേക്ഷ സെർച്ച് കമ്മിറ്റിയെ ഒരുതരത്തിലും തടസപ്പെടുത്താനല്ലെന്ന് അറ്റോർണി ജനറൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

നിയമനാധികാരി

താനെന്ന് ഗവർണർ

സെർച്ച് കമ്മിറ്റി ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ മൂന്നുപേരുടെ പാനൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറണമെന്നും,​ മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ച് ഗവർണർക്ക് കൈമാറണമെന്നും ആഗസ്റ്റ് 18ന്റെ ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി നൽകുന്ന മുൻഗണനാക്രമം അതേപടി പിന്തുടരേണ്ടതില്ലെന്ന് പശ്ചിമബംഗാളിലെ കേസിൽ മറ്റൊരു ബെഞ്ചിന്റെ നിർദ്ദേശമുണ്ടെന്നാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്. അക്കാര്യം കേരളത്തിലെ കേസിലും പരമപ്രധാനമാണ്. നിയമന അധികാരി ചാൻസലർ കൂടിയായ ഗവർണറാണ്. ആ അധികാരം പുനഃസ്ഥാപിക്കേണ്ടതുണ്ട്. ജസ്റ്റിസ് ധൂലിയയുടെ റിപ്പോർട്ട് വരുന്നതിന് മുൻപ് അപേക്ഷ പരിഗണിക്കണം. ധൂലിയ കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തങ്ങളുടെ വിധി പരിഷ്‌ക്കരിക്കണമോയെന്നത് നോക്കാമെന്ന് കോടതി അറിയിച്ചു. ഗവർണറുടെ ആവശ്യത്തെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത എതിർത്തു.