തൊഴിൽ ദിനങ്ങൾ തീരുന്നു: ഗ്രാമീണ തൊഴിലുറപ്പിൽ കേന്ദ്രത്തിന്റെ ഉഴപ്പ്

Tuesday 23 September 2025 12:29 AM IST

കൊല്ലം: സാമ്പത്തിക വർഷം അവസാനിക്കാൻ ആറുമാസം ബാക്കി നിൽക്കെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് അനുവദിച്ച തൊഴിൽ ദിനങ്ങൾ ഒക്ടോബറിൽ തീരും. ലേബർ ബഡ്ജറ്റ് ഉയർത്തിയില്ലെങ്കിൽ ഒക്ടോബറിന് ശേഷം നൽകുന്ന തൊഴിൽദിനങ്ങളുടെ വേതനം ഈ വർഷം കിട്ടില്ലെന്ന് മാത്രമല്ല, അടുത്തവർഷം അനുവദിക്കുന്ന കൂലിയിൽ കുറയുകയും ചെയ്യും.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന് മുമ്പ് വരെ നൽകുന്ന തൊഴിൽ ദിനത്തിന് ആനുപാതികമായി പിന്നീട് ലേബർ ബഡ്ജറ്റ് ഉയർത്തി കൂലി അനുവദിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയ്ക്ക് 60.09 ലക്ഷം തൊഴിൽ ദിനങ്ങളാണ് അനുവദിച്ചത്. എന്നാൽ ജില്ലയിൽ 98 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകിയെങ്കിലും അധികമായി നൽകിയ 38 ലക്ഷം തൊഴിൽ ദിനങ്ങളുടെ കൂലി ഈ സാമ്പത്തികവർഷമാണ് അനുവദിച്ചത്. ഇത്തവണയും ലേബർ ബഡ്ജറ്റ് ഉയർത്തിയില്ലെങ്കിൽ തൊഴിൽ ദിനങ്ങളുടെ എണ്ണം ഇടിയും. ജില്ലയ്ക്ക് ഈ വർഷം 52.85 ലക്ഷം തൊഴിൽ ദിനങ്ങളാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ഇതുവരെ 43.71 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകിക്കഴിഞ്ഞു. ജില്ലയിൽ ശരാശരി ഒരുമാസം എട്ട് ലക്ഷം തൊഴിൽ ദിനങ്ങൾ നൽകുന്നുണ്ട്.

ഉയർത്താതെ ലേബർ ബഡ്ജറ്റ്

 തൊഴിൽ ദിനത്തിന് ആനുപാതികമായി ലേബർ ബഡ്ജറ്റ് ഉയർത്തുകയാണ് പതിവ്

 കഴിഞ്ഞ തവണ ലേബർ ബഡ്ജറ്റ് ഉയർത്തിയില്ല

 പദ്ധതി നിർവഹണം വിലയിരുത്താനുള്ള കേന്ദ്ര മിഷന്റെ യോഗം അടുത്തയാഴ്ച

 സംസ്ഥാന മിഷൻ അധികൃതർ, കളക്ടർമാർ, ജില്ലകളിലെ ജോയിന്റ് പോഗ്രാം കോ- ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും

 യോഗത്തിൽ ലേബർ ബഡ്ജറ്റ് ഉയർത്തണമെന്ന ആവശ്യം ഉയരും

നിലവിലെ ദിവസ വേതനം

₹ 369

വർഷം, അനുവദിച്ച തൊഴിൽ ദിനങ്ങൾ, നൽകിയത്

2021-22- 95.5 ലക്ഷം, 95.5 ലക്ഷം 2022-23- 93.9 ലക്ഷം,93.9 ലക്ഷം 2023-24- 105.1 ലക്ഷം, 105.1 ലക്ഷം

2024-25- 60.09 ലക്ഷം, 98 ലക്ഷം 2025- 26, 52.85 ലക്ഷം, 43.71 ലക്ഷം (ഇന്നലെ വരെ)

ഹാജരിന് ഫേസ് ഡിറ്റക്ഷൻ

ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജർ വൈകാതെ ഫേസ് ഡിറ്റക്ഷൻ ആപ്പ് മുഖേനയാകും. തൊഴിൽ സ്ഥലത്ത് നിന്ന് ആപ്പിൽ മുഖം കാണിച്ച് ഹാജർ രേഖപ്പെടുത്തണം. ജില്ലയിൽ 2.29 ലക്ഷം സജീവ അംഗങ്ങളാണുള്ളത്. ഇതിൽ 1.3 ലക്ഷം തൊഴിലാളികളുടെ മുഖചിത്രം ആപ്പിൽ ഉൾപ്പെടുത്തി. നിലവിൽ ഗ്രൂപ്പ് ഫോട്ടോയെടുത്താണ് ഹാജർ രേഖപ്പെടുത്തുന്നത്. ആൾമാറാട്ടം ഒഴിവാക്കാനാണ് ഫേസ് ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.