മരുന്നില്ലാതെ പേരിനൊരു ജില്ലാ ആശുപത്രി

Tuesday 23 September 2025 12:33 AM IST

കൊല്ലം: ജില്ലാ ആശുപത്രിയിൽ രോഗികളെ വലച്ച് വീണ്ടും മരുന്ന് ക്ഷാമം. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്കുള്ള മരുന്ന് ഉൾപ്പടെ ആശുപത്രി ഫാർമസിയിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് പരാതി. സർജറിക്കുള്ള മരുന്നുകളും പുറത്തുനിന്നാണ് വാങ്ങുന്നത്. പകർച്ചവ്യാധി വ്യാപകമാകുമ്പോഴും മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടിയില്ല.

കുറിപ്പടിയുമായി ഫാർമസിയിൽ എത്തിയാൽ അധികൃതർ ആദ്യമൊന്ന് തിരയും. പിന്നീട് പുറത്ത് നിന്ന് വാങ്ങാൻ നിർദ്ദേശിക്കും. ഏതാനും ദിവസങ്ങളായി ഇതാണ് സ്ഥിരം കാഴ്ച. എന്നാൽ പണമില്ലാത്തവർ പുറത്ത് നിന്ന് മരുന്ന് വാങ്ങാനാകാതെ മടങ്ങുകയാണ്. മരുന്നില്ലെന്ന വിവരം നോട്ടീസിൽ പ്രദർശിപ്പിച്ചാൽ ചൂടത്ത് ക്യൂ നിൽക്കുന്നത് ഒഴിവാക്കാമെന്നാണ് രോഗികൾ പറയുന്നത്. രക്തസമ്മർദം കുറയ്ക്കാൻ ഉപയോഗിക്കുന്ന സിലക്കാർ, പേശിവലിവിനുള്ള എവിയോൺ എൽസി, കൂടാതെ വെൽറ്റാം 0.4, സി.എസ്.ക്യു പ്ലസ് എന്നിവയൊന്നും ഫാർമസിയിലില്ല. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും കുറവാണ്. ആന്റിബയോട്ടിക് ഗുളികകൾ, വേദനസംഹാരികളും ആവശ്യത്തിനില്ല. സർക്കാർ ഫണ്ടിന് പുറമെ ജില്ലാപഞ്ചായത്തിന്റെ ഫണ്ടും വിനിയോഗിച്ചാണ് പ്രാദേശികമായി ജില്ലാ ആശുപത്രിയിലേക്ക് മരുന്ന് വാങ്ങുന്നത്.

മാസം മൂവായിരത്തോളം രൂപയാണ് മരുന്നിന് ചെലവഴിക്കുന്നത്. ചില മരുന്നുകൾ ആശുപത്രിയിൽ നിന്ന് ലഭിക്കാറുണ്ട്. മറ്റുള്ളവ പുറത്ത് നിന്ന് വാങ്ങണം.

ലത അഞ്ചാലുംമൂട്

വലിയ ക്യൂ നിന്ന് മുന്നിലെത്തുമ്പോഴാണ് മരുന്നില്ലെന്നും പുറത്ത് നിന്ന് വാങ്ങണമെന്നും പറയുന്നത്. പലപ്പോഴും പാരസെറ്റാമോൾ മാത്രമാണ് ലഭിക്കുന്നത്.

ശോഭന ഇരവിപുരം

ആശുപത്രിയിൽ ആവശ്യത്തിന് മരുന്നുണ്ട്. ഒരു രോഗത്തിന് പല മരുന്നുകൾ ലഭ്യമാണ്. അതിൽ ഏതെങ്കിലും ഒന്നായിരിക്കും കുറവ്. പരാതികൾ ലഭിച്ചിട്ടില്ല.

ഡോ.പ്ലാസ, ജില്ലാ ആശുപത്രി സൂപ്രണ്ട്