സൈബർ പണത്തട്ടിപ്പ്: റൂറൽ പൊലീസ് കടുപ്പിച്ചു, നിരവധി പ്രതികൾ പിടിയിൽ
കൊല്ലം: സൈബർ പണത്തട്ടിപ്പ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് റൂറൽ പൊലീസ് നടപടി കടുപ്പിച്ചതോടെ നിരവധി പ്രതികൾ പിടിയിൽ. ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് അഞ്ചൽ ഏറം സ്വദേശിയിൽ നിന്ന് 13.36 ലക്ഷം രൂപ തട്ടിയ കേസിൽ കണ്ണൂർ സ്വദേശികളായ മുഹമ്മദ് നിഹാൽ, മുഹമ്മദ് ഫലാലുൽഹഖ്, സൽമാൻ ലത്തീഫ്, ഹാഷിം ഹാരിസ് എന്നിവരെ അറസ്റ്റ് ചെയ്തു.
ഓടനാവട്ടം സ്വദേശിയിൽ നിന്ന് പണം തട്ടിയ കണ്ണൂർ സ്വദേശികളായ മുഹമ്മദ് ഷാഫി, ജംഷീർ എന്നിവരെയും അഞ്ചൽ സ്വദേശിയിൽ നിന്ന് പണം തട്ടിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാസിസിനെയും അറസ്റ്റ് ചെയ്തു.
ഓൺലൈൻ വ്യാജ ട്രേഡിംഗ് വഴി അഞ്ചൽ സ്വദേശിയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരെയും അറസ്റ്റ് ചെയ്തു.
പുത്തൂർ സ്വദേശിയിൽ നിന്ന് വ്യാജ ഓൺലൈൻ ട്രേഡിംഗ് വഴി 1.83 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഡൽഹി, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ കേസിൽ അന്വേഷണം. പരാതിക്കാരന് നഷ്ടപ്പെട്ടതിൽ 30 ലക്ഷം രൂപ പൊലീസ് ഇടപെടലിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ മരവിപ്പിച്ചു. ഇത് തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്.
സൈബർ തട്ടിപ്പ് കേസുകൾ കൂടി വരുന്നതിനാൽ പൊതുസമൂഹം ജാഗ്രത കാട്ടണം. കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണം.
റൂറൽ പൊലീസ് അധികൃതർ
ടോൾ ഫ്രീ നമ്പർ
1930