കേരളത്തിന് സന്തോഷ വാര്‍ത്തയുമായി റെയില്‍വേ; യാത്രാദുരിതം പരിഹരിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കും
കോഴിക്കോട്: വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതം പരിഹരിക്കാന്‍ റെയില്‍വേ. വൈകിട്ട് 6.15 മുതല്‍ രാത്രി 10.45 വരെ കണ്ണൂരേക്ക് സ്ഥിരം യാത്രക്കാര്‍ക്ക് ഉപകരിക്കും വിധം ട്രെയിനുകള്‍ പരിഗണനയിലെന്ന് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ ഉറപ്പുനല്‍കി. ഈ സമയത്ത് ട്രെയിന്‍ ഇല്ലാത്തതിനാല്‍ വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയാണെന്ന വാര്‍ത്ത കേരളകൗമുദി നല്‍കിയിരുന്നു. നിലവില്‍ 6.15ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന കോയമ്പത്തൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ എട്ട് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുംവിധം പുനക്രമീകരിക്കുന്നതിനുള്ള നിവേദനം പാലക്കാട് ഡിവിഷന്‍ ഓഫീസില്‍ നിന്ന് ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്ക് അയച്ചതായാണ് വിവരം. പാസഞ്ചേഴ്‌സ് അസോസിയേഷനുകള്‍ നേരത്തെ ഡി.ആര്‍.എമ്മിന് നിവേദനം നല്‍കിയിരുന്നു.
@ മലബാറില്‍ ഓടുന്നത് ഒരു മെമു
മെമുവിന്റെ കാര്യത്തിലും ദക്ഷിണ റെയില്‍വെ മലബാറിനോട് അവഗണന തുടരുകയാണ്. ഇതുവരെ കേരളത്തിന് അനുവദിച്ച 14 മെമുകളില്‍ ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ മെമു മാത്രമാണ് മലബാറിലൂടെ സര്‍വീസ് നടത്തുന്നത്. വേഗതയുടെ കാര്യത്തിലും സമയക്രമം പാലിക്കുന്നതിലും മെമു മറ്റ് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമാണ്. മാത്രമല്ല ലോഫ്‌ലോര്‍ ബസ് മാതൃകയില്‍ ഹാന്‍ഡിലുകളുള്ളതിനാല്‍ നില്‍ക്കുന്നവര്‍ക്കും മെമു അനുഗ്രഹമാണ്.
@ദീപാവലി സ്‌പെഷ്യല്‍ ട്രെയിന്‍ ഇല്ല
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും തമിഴ്‌നാടും കര്‍ണാടകയും കടന്ന് ഒന്നും ഇതുവരെ കേരളത്തിലേക്ക് അനുവദിച്ചിട്ടില്ല. രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന ഏറ്റവും വലിയ ഉത്സവം നടക്കുമ്പോള്‍ കേരളത്തോടുള്ള അവഗണന ചര്‍ച്ചയാവുകയാണ്.
@കമ്പാര്‍ട്ട്‌മെന്റുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ ആശ്വാസം
മലബാറിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കാന്‍ റെയില്‍വേയ്ക്ക് സാങ്കേതികമായ തടസങ്ങളുണ്ടെങ്കിലും നിലവിലുള്ള ട്രെയിനുകളിലെ ബോഗികള്‍ കൂട്ടാന്‍ തടസങ്ങളൊന്നുമില്ല. നിലവില്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസിന് 18 കോച്ചുകളാണുള്ളത്. ഇത് 28 കോച്ചുകള്‍ വരെയാക്കാവുന്നതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പരശുറാം എക്‌സ്പ്രസിന് 23 കോച്ചുകളാണുള്ളത്. ഇതിനും മൂന്നോ നാലോ കോച്ചുകള്‍ വര്‍ദ്ധിപ്പിക്കാവുന്നതാണ്.
@പിറ്റ് ലൈനില്‍ ആശയക്കുഴപ്പം
മലബാറിന് അനുവദിച്ച പിറ്റ് ലൈന്‍ എവിടെ വേണമെന്ന കാര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ എം.പിമാര്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്. ആദ്യം നിങ്ങള്‍ പിറ്റ് ലൈന്‍ എവിടെ വേണമെന്ന കാര്യത്തില്‍ ഒരു ഏകോപനമുണ്ടാക്കൂ എന്നാണ് റെയില്‍വേ പറയുന്നത്.
'വടക്കന്‍ മലബാറിലെ യാത്രക്കാരുടെ പ്രയാസം റെയില്‍വേ ഗൗരവത്തിലെടുക്കും'. പി.ആര്‍.ഒ പാലക്കാട് ഡിവിഷന്‍.