ഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
തിരുവനന്തപുരം:തമ്പാനൂർ യാത്രി കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.കൊല്ലം പരവൂർ കോട്ടപ്പുറം പുതിയിടം ക്ഷേത്രത്തിന് സമീപം ചമ്പാൻ തൊഴിവിള വീട്ടിൽ പ്രവീൺ(30) ആണ് കേസിലെ പ്രതി.പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. അഞ്ചാം അഢീഷണൽ സെഷൻസ് ജഡ്ജി സിജു ഷേഖാണ് ശിക്ഷി വിധിച്ചത്.
2022 മാർച്ച് അഞ്ചിനായിരുന്നു സംഭവം.കാട്ടാക്കട വീരണക്കാവ് അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ(25) ചുരിദാറിലെ ഷോൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ട് കുട്ടികളുടെ പിതാവായ പ്രതി ഗായത്രിയുമായി പ്രണയത്തിലായി. ഗായത്രിയെ വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകിയ പ്രതി, കൊലപ്പെടുത്തുന്നതിന് ഒരു വർഷം മുൻപ് തിരുവനന്തപുരം വെട്ടുകാട് പളളിയിൽ കൊണ്ടു പോയി താലികെട്ടി. ഇതിന്റെ ഫോട്ടോ ഗായത്രി വാട്ട്സ് ആപ്പ് സ്റ്റാറ്റസാക്കിയത് പ്രതിയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും വഴക്കായി, പ്രശ്നം
ഒത്തുതീർക്കാമെന്ന് പറഞ്ഞാണ് ഗായത്രിയെ തമ്പാനൂരിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തിയത്. വീണ്ടും വഴക്കായപ്പോൾ ഗായത്രി ആത്മഹത്യാ ഭീഷണി മുഴക്കി. ഗായത്രിയോട് സ്‌നേഹം നടിച്ച പ്രതി, ഗായത്രിയുടെ ഷോൾ കഴുത്തിൽ വരിഞ്ഞ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ഗായത്രിയെ കാണാതെ ബന്ധു വിളിച്ചപ്പോൾ പ്രവീണാണ് ഫോണെടുത്തത്. പിന്നീട് ഈ ശബ്ദ രേഖ കേസിലെ നിർണ്ണായക തെളിവായി. ഹോട്ടൽ മുറിയിൽ നിന്നും ഗായത്രിയുടെയും പ്രതിയുടെയും വിരലടയാളങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതും അന്വേഷണ സംഘത്തെ പ്രതിയിലേക്കെത്താൻ സഹായിച്ചു.തമ്പാനൂർ സി.ഐ ആയിരുന്ന എസ്. സനോജാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് ഹാജരായി.