കമ്പനികളുടെ മുന്നറിയിപ്പ്: പണം കിട്ടിയില്ലെങ്കിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ തിരിച്ചെടുക്കും

Tuesday 23 September 2025 2:03 AM IST

തിരുവനന്തപുരം : കുടിശ്ശിക ഉടൻ തീർത്തില്ലെങ്കിൽ സർക്കാർ ആശുപത്രികളിൽ മുൻകൂർ വിതരണം ചെയ്തിരിക്കുന്ന ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി വിതരണക്കാർ. 158 കോടി കുടിശ്ശിക അടുത്ത മാസം അഞ്ചിനകം നൽകിയില്ലെങ്കിൽ നൽകിയ ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന് ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോർ മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്‌പോസിബിൾസ് (സി.ഡി.എം.ഐ.ഡി) ആരോഗ്യ വകുപ്പിന് കത്തയച്ചു. സെപ്തംബർ ഒന്നു മുതൽ ഉപകരണങ്ങളുടെ വിതരണം നിറുത്തി വച്ചിരിക്കുകയാണ്.മാസങ്ങളോളം ഉപയോഗിക്കാനുള്ളത് പലയിടങ്ങളിലും മുൻകൂർ വിതരണം ചെയ്തിട്ടുണ്ട്. ഇതാണ് തിരിച്ചെടുക്കുന്നത്. സ്റ്റോക്കുള്ള സ്ഥലങ്ങളിൽ നിന്ന് മറ്റിടങ്ങളിലേക്ക് നൽകിയാണ് നിലവിൽ പ്രതിസന്ധി മറികടക്കുന്നത്.

സ്റ്റെന്റുകൾ, ഗൈഡ് വയറുകൾ, ഗൈഡ് കത്തീറ്ററുകൾ, പി.ടി.സി.എ ബലൂണുകൾ എന്നിവയുൾപ്പെടെ ആൻജിയോപ്ലാസ്റ്റിക്ക് ആവശ്യമായ സാമഗ്രികൾ നൽകുന്ന കമ്പനികൾക്കാണ് 158 കോടി നൽകാനുള്ളത്. 21 ആശുപത്രികളിലെ 18 മാസത്തെ കുടിശികയാണിത്. 2024 ജൂണിന് മുമ്പുള്ള 41 കോടിയും അതിനു ശേഷം 2025 ജൂലായ് വരെയുള്ള 117 കോടിയുമാണ് കുടിശ്ശിക.. 36 കോടി നൽകാനുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കുടിശിക കൂടുതൽ. തിരുവനന്തപുരം - 29.56 കോടി, കോട്ടയം- 21.74 കോടി വീതം നൽകാനുണ്ട്. മറ്റിടങ്ങളിൽ കുടിശിക 20 കോടിക്ക് താഴെയാണ്. ജില്ലാ,ജനറൽ,താലൂക്കാശുപത്രികളും പണം നൽകാനുണ്ട്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട്, സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി എന്നിവയ്ക്ക് കീഴിലുള്ള ബില്ലുകളിലെ കുടിശിക തീർക്കണമെന്നും ആവശ്യപ്പെട്ടതായി സി.ഡി.എം.ഐ.ഡി ഭാരവാഹികൾ അറിയിച്ചു.