ഷാൻ വധക്കേസ്: 5 ആർ.എസ്.എസ് പ്രവർത്തകർക്ക് സ്ഥിരജാമ്യം
Tuesday 23 September 2025 2:07 AM IST
ന്യൂഡൽഹി: ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ കൊലപ്പെടുത്തിയെന്ന കേസിൽ 5 ആർ.എസ്.എസ് പ്രവർത്തകർക്ക് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു. ജസ്റ്രിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്‌ണു, ധനീഷ് എന്നിവർക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾക്ക് സെഷൻസ് കോടതി അനുവദിച്ച ജാമ്യം 2024 ഡിസംബറിൽ കേരള ഹൈക്കോടതി റദ്ദാക്കി. തുടർന്ന് 5 പേരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. 2021 ഡിസംബർ 18ന് ആലപ്പുഴ മണ്ണാഞ്ചേരിയിലായിരുന്നു കൊലപാതകം. പിന്നാലെ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടിരുന്നു.