ശശീന്ദ്രന്റെയും മക്കളുടെയും മരണം: രാധാകൃഷ്ണന്റെ ഹർജി തള്ളി
കൊച്ചി: മലബാർ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കുറ്റപത്രം റദ്ദാക്കണമെന്ന വ്യവസായി വി.എം. രാധാകൃഷ്ണന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ സി.ബി.ഐ കോടതി കുറ്റംചുമത്തൽ നടപടിയിലേക്ക് കടക്കാനിരിക്കേ കേസ് റദ്ദാക്കണമെന്ന ആവശ്യം അതേ കോടതിയിൽത്തന്നെ ഉന്നയിക്കാൻ നിർദ്ദേശിച്ചാണ് ജസ്റ്റിസ് വി.ജി. അരുൺ ഹർജി തള്ളിയത്.
മലബാർ സിമന്റ്‌സ് അഴിമതി കേസിൽ അനുകൂല മൊഴി നൽകണമെന്നാവശ്യപ്പെട്ട് രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തിയതിനു പിന്നാലെ ശശീന്ദ്രൻ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്നാണ് സി.ബി.ഐ കുറ്റപത്രത്തിലുള്ളത്. കുറ്റം ചുമത്തൽ ഘട്ടത്തിലെത്തിലെത്തി നിൽക്കുന്ന കേസിൽ കുറ്റവിമുക്തനാക്കാനുള്ള ആവശ്യം വിചാരണക്കോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാരന് അവകാശമുണ്ടെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. അത്തരം അപേക്ഷ കിട്ടിയാൽ അന്തിമ റിപ്പോർട്ടും പൊലീസ് സമർപ്പിച്ച വസ്തുതകളും പരിഗണിച്ച് വിചാരണക്കോടതി നിയമപരമായ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു.