2025ലെ ബാലൺ ഡി ഓർ സ്വന്തമാക്കി ഒ​​​​​​​സ്‌മാൻ  ഡെംബെലെ; റെക്കാഡ് നേട്ടവുമായി ഐറ്റാന  ബോൺമാറ്റി

Tuesday 23 September 2025 6:57 AM IST

പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ സ്വന്തമാക്കി പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്‌ജി) താരം ഒസ്‌മാൻ ഡെംബെലെ. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തിയ പിഎസ്‌ജി ടീമിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌‌കാരം. പാരീസിൽ നടന്ന ചടങ്ങിൽ ബാഴ്‌സലോണ, സ്‌പെയിൻ കൗമാരതാരമായ ലാമിൻ യമാലിനെ പിന്തള്ളിയാണ് 28കാരനായ ഡെംബെലെ പുരസ്‌കാരം നേടിയത്. ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ താരത്തിനുള്ള ബാലൺ ഡി ഓർ സ്വന്തമാക്കിയത്.

'നന്ദി പറയാൻ വാക്കുകളില്ല. പിഎസ്‌ജിയുമൊത്തുള്ള അവിശ്വസനീയമായ സീസണായിരുന്നു അത്. ഇത് വ്യക്തിഗത ട്രോഫിയാണെങ്കിലും കൂട്ടായ പോരാട്ടത്തിന്റെ ഫലമാണ് ഈ പുരസ്‌കാരം. ബാലൺ ഡി ഓർ ഞാൻ ലക്ഷ്യമിട്ടിരുന്നില്ല, എന്നാൽ ടീം ചാമ്പ്യൻസ് ലീഗ് നേടാൻ കഠിനാധ്വാനം ചെയ്തിരുന്നു'- പുരസ്‌കാരം ഏറ്റുവാങ്ങി ഡെംബെലെ പറഞ്ഞു.

സ്‌പെയിൻ മിഡ്‌ഫീൽഡർ കൂടിയായ ഐറ്റാന ബോൺമാറ്റി തുടർച്ചയായ മൂന്നാം വർഷമാണ് വനിതാ ബാലൺ ഡി ഓർ പുരസ്കാരം നേടുന്നത്. ആഴ്‌സണൽ താരവും സ്‌പെയിൻ മിഡ്‌ഫീൽഡ് സഹതാരവുമായ മരിയോണിയ കാൽഡെന്റിയെ പിന്തള്ളിയാണ് ബോൺമാറ്റി ഒന്നാം സ്ഥാനത്തെത്തിയത്.

മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ലാമിൻ യമാൽ കരസ്ഥമാക്കി. പിഎസ്‌ജിയാണ് ഇക്കൊല്ലത്തെ മികച്ച പുരുഷ ക്ളബ്. മികച്ച വനിതാ ക്ളബ് എന്ന നേട്ടം ആഴ്‌സണലും സ്വന്തമാക്കി.