തുവ്വൂരിലെ മൈതാനപ്രശ്നം:വിവാദം കടുക്കുന്നു
തുവ്വൂർ: അര നൂറ്റാണ്ടിലേറെ കാലം നാട്ടുകാർ ഉപയോഗിച്ചിരുന്ന മൈതാനം നഷ്ടപ്പെട്ടതിൽ നാട്ടുകാർക്ക് കടുത്ത നിരാശ. ഒന്നര ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമി അവകാശമുന്നയിച്ച് തറക്കൽ എ.യു.പി സ്‌കൂൾ മാനേജ്‌മെന്റ് ഏറ്റെടുത്തിരുന്നു.
2008 വരെ ഇത് പുറമ്പോക്കു ഭൂമിയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. 2008 മുതൽ ഭൂമിയുടെ അവകാശം സംബന്ധിച്ച് കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടെ മൈതാനത്തിന് ചുറ്റുമതിൽ കെട്ടാൻ സ്‌കൂളധികൃതർ ഹൈക്കോടതിയിൽ നിന്ന് അനുമതി സമ്പാദിച്ചിരുന്നു. തുടർന്ന് മുൻ പഞ്ചായത്ത് സെക്രട്ടറി നിർമ്മാണാധികാരം നൽകി. ഭരണസമിതിയുടെ അഭിപ്രായമാരായാതെയാണിതെന്നാണ് ആക്ഷേപം. പൊലീസിന്റെ സംരക്ഷണത്തിൽ ഒരാഴ്ചയോളമായി മതിൽ നിർമ്മാണം നടന്നു വരികയാണ്. ചുറ്റുമതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ച് പുറത്തു നിന്നുള്ളവരെ തടയുകയാണ് ലക്ഷ്യം. മതിൽ നിർമ്മാണം തടസപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വൻ പൊലീസ് സംഘം തടഞ്ഞു. ഒരേക്കറിലധികം വരുന്ന സ്ഥലം 60 വർഷങ്ങളായി പഞ്ചായത്തിന്റെ പുറമ്പോക്ക് ഭൂമിയായി കിടന്നിരുന്നതും നാട്ടുകാർ മൈതാനമായി ഉപയോഗിച്ചിരുന്നതാണെന്നും
കേസിൽ കക്ഷി ചേർന്ന ജെ.എസ് ക്ലബ്ബ് ഭാരവാഹികൾ പറയുന്നു. തറയ്ക്കൽ എ.യു.പി സ്‌കൂളിന്റെ കളിക്കളമായും ഇത് പ്രവർത്തിച്ചിരുന്നു. സ്‌കൂളിന്റെ മേളകൾക്ക് മൈതാനം വേദിയായി.
പഞ്ചായത്ത് പുറമ്പോക്കിൽ പെട്ട ഭൂമി അന്യായമായി കൈവശപ്പെടുത്തി കോടതി വിധി സമ്പാദിച്ചതിനെതിരെ അപ്പീൽ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന കൗമുദിയോട് പറഞ്ഞു.
യു.ഡി.എഫിൽ ഭിന്നത
തുവ്വൂർ മൈതാന വിവാദത്തിൽ ഭരണകക്ഷിയായ യു.ഡി.എഫിൽ ഭിന്നത രൂക്ഷം.
സ്‌കൂൾ മാനേജ്‌മെന്റിനെതിരെ പരസ്യമായി പ്രതിഷേധിച്ച ലീഗ് നിലപാടിനെതിരാണ് കോൺഗ്രസ് നിലപാട്.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ലീഗ് പ്രതിഷേധിക്കാനിറങ്ങിയപ്പോൾ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ടുനിന്നു.
അനേക കാലം പുറമ്പോക്കായി നില നിന്നിരുന്ന ഭൂമി പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ചേർക്കാത്തതാണ് മൈതാനം നഷ്ടപ്പെടാൻ കാരണമെന്നാണ് കോൺഗ്രസ് പറയുന്നത്.
1986 മുതൽ കേസ് നിലനിൽക്കുന്ന ഭൂമിയായതിനാൽ രജിസ്റ്ററിൽ ചേർക്കാൻ നിയമ തടസ്സമുണ്ടെന്ന് ലീഗും പറയുന്നു.
സ്‌കൂൾ മാനേജ്‌മെന്റ് ഉടമസ്ഥാവകാശവും കോടതി ഉത്തരവുമായി എത്തി നടത്തുന്ന നിർമ്മാണം തടയാനാവില്ലെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.