ജീവനുള്ള പാമ്പുമായി ട്രെയിനിൽ കയറി, യാത്രക്കാരുടെ അടുത്തെത്തി ആവശ്യപ്പെട്ടത്; പേടിപ്പെടുത്തുന്ന വീ‌ഡിയോ

Tuesday 23 September 2025 10:36 AM IST

ട്രെയിനിൽ നിന്നുള്ള പല തരത്തിലുള്ള വീഡിയോകൾ ചർച്ചയാകാറുണ്ട്. യാത്രക്കാരിയായ യുവതി ട്രെയിനിന്റെ എസി കമ്പാർട്ട്‌മെന്റിലിരുന്ന് പുകവലിക്കുന്ന വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് വ്യാപക വിമർശനവും ഉയർന്നിരുന്നു. ട്രെയിനിൽ നിന്നുള്ള പേടിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ജീവനുള്ള പാമ്പുമായി ട്രെയിനിൽ കയറിയ ഒരാൾ യാത്രക്കാരിൽ നിന്ന് പണം പിരിക്കുന്നതാണ് വീഡിയോയിലുള്ളത്. അഹമ്മദാബാദ് സബർമതി എക്‌സ്‌പ്രസിലാണ് സംഭവം. കൈയിൽ പാമ്പിനെ ചുറ്റി യാത്രക്കാരുടെ തൊട്ടടുത്താണ് ഇയാൾ നിൽക്കുന്നത്. ഇത് ചുറ്റുപാടും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നിരവധി യാത്രക്കാർ പേടിച്ച് ഇയാൾക്ക് പണം നൽകുന്നു.

'ട്രെയിൻ മദ്ധ്യപ്രദേശിലെ ഒരു റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോൾ പാമ്പുമായി ഒരാൾ ട്രെയിനിൽ കയറി. യാത്രക്കാരിൽ നിന്ന് പണം പിരിക്കാനുള്ള പുതിയ മാർഗം'- എന്ന അടിക്കുറിപ്പോടെയാണ് ഒരാൾ വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്. റെയിൽവേയെ ടാഗ് ചെയ്തിട്ടുമുണ്ട്.

നിമിഷനേരങ്ങൾക്കുള്ളിൽ ആയിരക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. വ്യാപക വിമർശനമുയരുകയും ചെയ്തു. ഇതാണോ റെയിൽവേ നൽകുന്ന സുരക്ഷയെന്നൊക്കെ ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആളുകൾ ആവശ്യപ്പെട്ടു.വീഡിയോ ശ്രദ്ധയിൽപ്പെട്ട റെയിൽവേ അധികൃതർ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വേഗത്തിലുള്ള പരിഹാരത്തിനായി നിങ്ങൾക്ക് http://railmadad.indianrailways.gov.in എന്ന സൈറ്റ് വഴി നേരിട്ട് പരാതി അറിയിക്കാം അല്ലെങ്കിൽ 139 എന്ന നമ്പറിൽ ഡയൽ ചെയ്യാമെന്നും മറുപടി നൽകി.