പഠനം ഉപേക്ഷിച്ച് തെരുവിൽ പച്ചക്കറി വിൽക്കാനിറങ്ങി; ഇന്ന് കേരളത്തിലെ വലിയൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയായി അമീർ

Tuesday 23 September 2025 12:13 PM IST

ജീവിതത്തിൽ സ്വപ്‌നം കാണാത്തവർ ചുരുക്കമാണ്. ചെറുപ്പം മുതലേ മനസിൽ കൊണ്ടുനടക്കുന്ന സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ വേണ്ടത് പരിശ്രമമാണ്. പക്ഷേ, ഏറെ പരിശ്രമിച്ചിട്ടും സ്വപ്‌നങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന ചിലരുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വിധിയെ പഴിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ, തന്റെ വലിയ സ്വപ്‌നം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടും ജീവിതത്തിൽ തളരാതെ പോരാടിയ ചെറുപ്പക്കാരനാണ് കോട്ടയം സ്വദേശി അമീർ പുളിമൂട്ടിൽ. വിധിയെ പഴിക്കാതെ ജീവിതം തനിക്കുമുന്നിൽ കാത്തുവച്ചിരുന്ന വലിയ ഉയരങ്ങൾ കീഴടക്കിയ അമീറിനെ പരിചയപ്പെടാം.

മാറ്റിമറിച്ച വിധി

കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ് അമീർ പുളിമൂട്ടിൽ. ഓട്ടോ ഡ്രൈവറായ അബ്‌ദുൾ അസീസിന്റെയും ഹാജിറയുടെയും മകനായി ജനിച്ചു. എഞ്ചിനീയറാവുക എന്നതായിരുന്നു അമീറിന്റെ സ്വപ്‌നം. അതിനായി പഠിച്ച് കോട്ടയത്ത് എംജി യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസിൽ അഡ്‌മിഷൻ നേടി. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമായിട്ടും മകന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ പിതാവ് ഒപ്പം നിന്നു. വിദ്യാഭ്യാസ വായ്‌പയായിരുന്നു ആ സമയത്ത് ആകെയുണ്ടായിരുന്ന പ്രതീക്ഷ. എന്നാൽ, കുടുംബത്തിന്റെ ആ പ്രതീക്ഷ തെറ്റി. സ്വന്തമായി വീടില്ലാത്തതിനാൽ വിദ്യാഭ്യാസ വായ്‌പ നൽകാനാകില്ലെന്നായിരുന്നു ബാങ്കിൽ നിന്നുള്ള പ്രതികരണം. അതോടെ അഞ്ചാം സെമസ്റ്ററിൽ അമീറിന് പഠനം ഉപേക്ഷിക്കേണ്ടിവന്നു.

പിന്നീട് ജീവിക്കാൻ യാതൊരു മാർഗവുമില്ലാതെ അമീർ പച്ചക്കറിത്തട്ട് തുടങ്ങി. അന്ന് ഒരു കട വാടകയ്‌ക്കെടുക്കാനുള്ള പണം പോലും അദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു. ഒരിക്കലും തോൽക്കാൻ തയ്യാറാകാത്ത അമീറിന്റെ മനസിൽ ഇളയ സഹോദരനെ പഠിപ്പിച്ച് എഞ്ചിനീയറാക്കണം, വീടുവയ്‌ക്കണം എന്ന വലിയ ലക്ഷ്യങ്ങളായിരുന്നു. നിശ്ചയദാർഢ്യത്തിലൂടെ അതെല്ലാം യാഥാർത്ഥ്യമാക്കുകയും ചെയ്‌തു. സഹോദരൻ ഇന്ന് ഇൻഫോസിസ് ജീവനക്കാരനാണ്.

ജീവിതത്തിലെ വഴിത്തിരിവ്

വിവാഹം കഴിഞ്ഞതോടെ അമീറിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. അമീറിന്റെ ലക്ഷ്യങ്ങൾക്കെല്ലാം ഒപ്പം നിൽക്കുന്ന പെൺകുട്ടിയാണ് ഭാര്യ തസ്‌നി റഫീഖ്. ആദ്യം കോട്ടയത്ത് ചെറിയൊരു സ്ഥാപനം ആരംഭിച്ചു. വിദേശത്ത് ജോലിക്ക് പോകുന്ന നഴ്‌സുമാർ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയുള്ള സേവനങ്ങളാണ് അവിടെ നൽകിയിരുന്നത്. പിന്നീട് കൊവിഡ് വന്നതോടെ സ്ഥാപനം പൂട്ടേണ്ടിവന്നു. പിന്നീട് മറ്റ് വഴികളില്ലാതെ എറണാകുളത്തേക്ക് മാറി. അവിടെ പുതിയ സ്ഥാപനം ആരംഭിച്ചു. അന്ന് വളരെ തുച്ഛമായ പണം മാത്രമേ കൈവശമുണ്ടായിരുന്നുള്ളു.

2021ൽ സുഹൃത്തായ ഡോക്‌ടർ റിതു സെൽവരാജുമായി ചേർന്ന് എയിം ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. അന്ന് ജർമൻ ഭാഷ പഠിപ്പിക്കുന്ന അധികം സ്ഥാപനങ്ങളില്ലായിരുന്നു. ആദ്യം നാല് വിദ്യാർത്ഥികളായി തുടങ്ങി ഇന്ന് ഓൺലൈനും റെഗുലറുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിനുണ്ട്. നാൽപ്പതിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനം കൂടിയായി എയിം വളർന്നു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ജർമൻ ഇൻസ്റ്റിറ്റ്യൂട്ടായി എയിം മാറി.

വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമുള്ള സ്ഥാപനമാണ് എയിം. പഠനത്തിനായി താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ മറ്റൊരാൾക്കും വരരുത് എന്നതാണ് അമീറിന്റെ ലക്ഷ്യം. അതിനാൽ, കുറഞ്ഞ ഫീസാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നത്. ഇന്ന് കേരളത്തിലെ തന്നെ അറിയപ്പെടുന്ന സംരംഭകനായി അമീർ പുളിമൂട്ടിൽ മാറി. അമീറിന്റെ പിതാവ് ഇപ്പോഴും വളരെ അഭിമാനത്തോടെ കുമാരനല്ലൂർ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്നുണ്ട്.

പുതിയ ലക്ഷ്യം

വിദ്യാർത്ഥികൾക്ക് പെട്ടെന്ന് ജോലി നേടിക്കൊടുക്കുന്ന കോഴ്‌സുകൾ പഠിപ്പിക്കുക എന്നതാണ് അമീറിന്റെ അടുത്ത ലക്ഷ്യം. ലോണിന്റെ ബാദ്ധ്യതകളില്ലാതെയുള്ള പഠനമാണ് ഉദ്ദേശിക്കുന്നത്. തുച്ഛമായ ഫീസ് മാത്രമാകും ഈടാക്കുക. ഇതിനായുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. പത്തിലധികം നഗരങ്ങളിലാകും പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുക. മൂവായിരത്തിലധികംപേർക്ക് ഇതിലൂടെ തൊഴിലും ലഭ്യമാകും. വർഷത്തിൽ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ പഠിപ്പിക്കാൻ കഴിയുന്ന സ്ഥാപനമാക്കി അതിനെ മാറ്റണമെന്നാണ് അമീറിന്റെ ഇപ്പോഴത്തെ ലക്ഷ്യം.

അമീറിന് പറയാനുള്ളത്

'അത്രയും ആഗ്രഹമുണ്ടെങ്കിൽ അതേക്കുറിച്ച് പഠിക്കുക. അതിന്റെ സാദ്ധ്യതകൾ മനസിലാക്കുക. ശേഷം വ്യക്തമായ തീരുമാനമെടുക്കുക. പ്രധാനമായി വേണ്ടത് സ്ഥിരതയാണ്. ഇത്രയും ജനങ്ങൾ താമസിക്കുന്ന കേരളത്തിൽ എല്ലാം വിജയിക്കാനുള്ള സാദ്ധ്യതകളുണ്ട്. അതെല്ലാം വ്യക്തമായി മനസിലാക്കി മുന്നോട്ട് പോവുക. '