ചേറും ഇലകളും പാളയും കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന കലാകാരൻ; ഒറിജിനലിനെ വെല്ലും ഈ ശില്പങ്ങൾ
രാസവസ്തുക്കളും മറ്റും ചേർത്ത് ശില്പങ്ങൾ നിർമിച്ച് ലാഭം കൊയ്യുന്നവർക്കിടയിൽ വ്യത്യസ്തനാവുകയാണ് പാലക്കാടുകാരൻ പി പ്രസാദ് എന്ന കലാകാരൻ. പ്രകൃതിയോടിണങ്ങി, പ്രകൃതിക്ക് ദോഷം വരുത്താതെ ചേറും ചകിരിയും ഇലകളും മറ്റും കൊണ്ടാണ് 31കാരനായ പ്രസാദ് കിളികളും മൃഗങ്ങളും അടക്കമുള്ളവയെ സൃഷ്ടിക്കുന്നത്.
ചെർപ്പുളശേരി അടക്കാപ്പുത്തൂരാണ് പ്രസാദിന്റെ സ്വദേശം. ആറാം ക്ളാസിലാണ് ആദ്യമായി പ്രതിമകൾ നിർമിക്കുന്നത്. നാട്ടിലെ കലാകാരന്മാർ ശില്പങ്ങൾ മറ്റും നിർമിക്കുന്നത് പ്രസാദിനെ കുട്ടിക്കാലത്തുതന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ആറാം ക്ളാസിൽ പഠിക്കവേ പ്രതിമ നിർമാണത്തിൽ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഒന്നാം സ്ഥാനം നേടിയ പ്രസാദിന് ഉപജില്ലയിൽ മത്സരിക്കാൻ സെലക്ഷൻ കിട്ടി. ഉപജില്ലയിൽ നിന്ന് ജില്ലാതലത്തിൽ മത്സരിക്കാനും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അന്ന് ഭാഗ്യം തുണച്ചില്ല. മത്സരത്തിനുപോകാൻ യൂണിഫോം നിർബന്ധമാണെന്ന് അദ്ധ്യാപകൻ പറഞ്ഞു. ഒരൊറ്റ യൂണിഫോമിലാണ് പ്രസാദ് അന്ന് സ്‌കൂൾ കാലം കഴിച്ചിരുന്നത്. ഉണ്ടായിരുന്ന യൂണിഫോം അലക്കിയിട്ടിരിക്കുകയായിരുന്നു. അത് ഉണങ്ങാത്തതിനാൽ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. അതിന്റെ മനോവിഷമത്തിൽ ശില്പ നിർമാണം തന്നെ കുട്ടിയായിരുന്ന പ്രസാദ് ഉപേക്ഷിച്ചു.
പിന്നീട് 2022ലാണ് പ്രസാദ് തന്റെയുള്ളിലെ കലാകാരനെ വീണ്ടും പൊടിതട്ടിയെടുത്തത്. പാടത്തിൽ നിന്ന് ചേറ് ശേഖരിച്ച് അത് ശില്പങ്ങളുണ്ടാക്കാൻ പാകത്തിന് മാറ്റിയെടുക്കും. പ്രകൃതിക്ക് ദോഷമാകാനിടയുള്ളതിനാൽ മറ്റ് വസ്തുക്കളൊന്നും ഇതിൽ ചേർക്കാറില്ല. ശേഷം വൈക്കോൽ, കരിയിലകൾ, പാള തുടങ്ങിയവ ഉപയോഗിച്ച് പ്രകൃതിയുടെ മക്കളെ തന്നെ സൃഷ്ടിക്കും. ശിൽപങ്ങൾക്ക് നിറം നൽകാനായി അക്രിലിക് ചായം ഉപയോഗിക്കും.
ശില്പ നിർമാണം സ്വയം പഠിച്ചെടുത്തതാണെന്ന് പ്രസാദ് പറയുന്നു. കല ഉള്ളിലുണ്ടായിരുന്നതിനാൽ തുടക്കത്തിൽ പാളിച്ചകൾ സംഭവിച്ചെങ്കിലും പിന്നീട് മനോഹര സൃഷ്ടികൾ പിറന്നു. റഫറൻസിനായി ഗൂഗിളിന്റെയും യുട്യൂബിന്റെയുമൊക്കെ സഹായം തേടി. എന്നിരുന്നാലും തന്റെ സൃഷ്ടികളെല്ലാം കലയോടുള്ള അതിയായ ഇഷ്ടംകൊണ്ട് പിറന്നവയാണെന്ന് പ്രസാദ് പറയുന്നു. തന്റെ സൃഷ്ടികൾ യുട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയിലും പ്രസാദ് പങ്കുവയ്ക്കുന്നുണ്ട്.
ഒരു ശിൽപ നിർമാണത്തിന് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്ന് പ്രസാദ് പറയുന്നു. ഇഷ്ടമേഖല ശിൽപ നിർണാമാണെങ്കിലും ഉപജീവനത്തിനായി ഫാബ്രിക്കേഷൻ തൊഴിലും ചെയ്യുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് പ്രസാദ്. ജീവിതപ്രാരാബ്ധങ്ങൾ കാരണം പഠിപ്പ് പ്ളസ്‌ടുവിൽ അവസാനിപ്പിക്കേണ്ടി വന്നു. ശിൽപ നിർമാണത്തെ അത്രമേൽ സ്‌നേഹിക്കുന്നുണ്ടെങ്കിലും സമയക്കുറവ് വലിയ പ്രതിസന്ധിയാണെന്ന് പ്രസാദ് പറയുന്നു. പിന്തുണയുമായി ഭാര്യ ഗ്രീഷ്മയും മക്കളായ ആത്മജും അത്മിയയും മാതാപിതാക്കളും സഹോദരങ്ങളും ഒപ്പമുണ്ട്. രണ്ടാം ക്ളാസുകാരനായ മകനാണ് ശിൽപ നിർമാണത്തിലും വീഡിയോ ചിത്രീകരണത്തിലും സഹായിക്കുന്നതെന്ന് പ്രസാദ് പറഞ്ഞു. കല വിറ്റ് ജീവിക്കുന്നതിലും പ്രസാദിന് വലിയ താത്പര്യമില്ല. ശിൽപങ്ങൾ നിർമിച്ച് കഴിയുമ്പോൾ ലഭിക്കുന്ന സംതൃപ്തിയാണ് ഏറ്റവും വലുതെന്ന് ഇദ്ദേഹം പറയുന്നു. ശിൽപ നിർമാണം ബിസിനസ് ആക്കി മാറ്റാൻ നിലവിൽ താത്‌പര്യമില്ല. ഭാവിയിൽ ശിൽപ നിർമാണം വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നതായും പ്രസാദ് പങ്കുവച്ചു.