ഓപ്പറേഷൻ നുംഖോർ: ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ, കോഴിക്കോട് നിന്ന് പിടിച്ചെടുത്തത് 11 എണ്ണം
കൊച്ചി: ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. കൂടാതെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത കാറുകൾ കൂടാതെ കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ ഹാജരാക്കാൻ ദുൽഖറിന് സമൻസും നൽകിയിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഏഴിടങ്ങളിൽ നിന്നാണ് 11 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിൽ എത്തിക്കും. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളിലാണ് പരിശോധന നടത്തിയത്. പരിശോധന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയിക്കാൻ കസ്റ്റംസ് കമ്മിഷണർ വൈകിട്ട് മാദ്ധ്യമങ്ങളെ കാണും.
ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയിൽപ്പെടുന്നതുമായ 150ഓളം വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിൽ കടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇതിൽ 20ഓളം വാഹനങ്ങൾ കേരളത്തിൽ എത്തിയതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഇതുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ലാൻഡ് ക്രൂസർ, ലാൻഡ് റോവർ തുടങ്ങിയ വാഹനങ്ങളാണ് കടത്തിയത്. വാഹനങ്ങൾ കടത്തിക്കൊണ്ടുവരാനും രജിസ്റ്റർ ചെയ്യാനും ഉദ്യോഗസ്ഥരും ഏജന്റുമാരുമടങ്ങുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്.
ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസിൽ നിന്നുള്ള വിവരത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഭൂട്ടാൻ വാഹനം വാങ്ങിയവരിൽ ചിലരെ തിരിച്ചറിഞ്ഞെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലേലത്തിൽ വയ്ക്കുന്ന വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊള്ളവിലയ്ക്കു വിറ്റ് പണമുണ്ടാക്കുകയാണ് ഈ സംഘം ചെയ്യുന്നത്. ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ കാർ 10 ലക്ഷത്തിനും 3 ലക്ഷത്തിന് വാങ്ങിയത് 30 ലക്ഷത്തിനും വിറ്റെന്നും കണ്ടെത്തിയിരുന്നു.