'ഞാനും എമ്പുരാനിലെ പിത്തിരാജും ഒരു സ്‌കൂളിലാണ് പഠിച്ചത്'; കല്ലുവിന്റെ വീഡിയോയ്ക്ക് കമന്റുമായി സുപ്രിയയുമെത്തി

Tuesday 23 September 2025 3:41 PM IST

കൊച്ചുകുട്ടികളുടെ വീഡിയോകൾ കാണാനിഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. അവരുടെ കളിയും ചിരിയും തമാശകളും പാട്ടും ഡാൻസുമൊക്കെ ആസ്വദിക്കുന്നവരും ഏറെയുണ്ട്. അവർ സീരിയസായി പറയുന്ന പല കാര്യങ്ങളും നമ്മളെ ചിരിപ്പിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്

"കല്ലു നമസ്വി" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അമ്മയോട് വിശേഷങ്ങൾ പറയുന്ന കൊച്ചുപെൺകുട്ടിയാണ് വീഡിയോയിലുള്ളത്. പൃഥ്വിരാജിനെ എപ്പോഴാണ് ഇഷ്ടമായതെന്ന് കല്ലു എന്ന കുട്ടിയോട് അമ്മ ചോദിക്കുകയാണ്. 'ഞാനും എമ്പുരാനിലെ പിത്തിരാജും ഒരു സ്‌കൂളിലാണ് പഠിച്ചിരിക്കുന്നത്'- എന്നാണ് കല്ലുവിന്റെ മറുപടി. ഇതുകേട്ട് എന്റെ പൊന്നേ എന്ന് പറഞ്ഞുകൊണ്ട് അമ്മ ചിരിക്കുകയാണ്.

വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചെയ്തു. വീഡിയോ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയയുടെ ശ്രദ്ധയിലുംപെട്ടു. ഇത് ഇഷ്ടപ്പെട്ട സുപ്രിയ അതിന് ലൗ ഇമോജിയാണ് കമന്റ് ചെയ്‌തിരിക്കുന്നത്. നിരവധി പേരാണ് രസകരമായ കമന്റുകളുമായെത്തിയിരിക്കുന്നത്.

"അതേ...കല്ലു അവിടെ എംഎ മലയാളം പഠിക്കുമ്പോൾ പുള്ളി അവിടെ ബി എ ഇംഗ്ലീഷ് ആയിരുന്നു", "പൃഥ്വിരാജ്:- ഞങ്ങൾ ഇല്ലുമിനാട്ടികൾ ഇങ്ങനെയാണ് ഹെയ്.", "Le പ്രിത്വിരാജ് : പറഞ്ഞത് പറഞ്ഞു ഇനി ആരോടും പറഞ്ഞ് എന്നെ നാറ്റിക്കരുത്", "ഇതിനെയാണല്ലേ ‘കല്ലു വച്ച നുണ’ എന്ന് പറയുന്നേ"- എന്നിങ്ങനെ പോകുന്നു കമന്റുകൾ.