ഹൈക്കോടതിയുടെ ഒറ്റ ഉത്തരവിൽ കോളടിച്ചത് കെഎസ്ആർടിസിക്ക്: ലാഭം കോടിയിലേക്ക്

Tuesday 23 September 2025 4:16 PM IST

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് ഹൈക്കോടതി വിലക്കിയത് ശരിക്കും അനുഗ്രഹമായത് കെഎസ്ആർടിസിക്ക്. പ്രതിദിനം എണ്ണൂറോളം ബസുകളാണ് പാലിയേക്കര വഴി കടന്നുപോകുന്നത്. ഈ ബസുകൾ ടോൾ കൊടുക്കാതെ കടന്നുപോയതിനെ തുടർന്ന് കെഎസ്ആർടിസിയുടെ ലാഭം 90 ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. പാലിയേക്കരയിൽ കെഎസ്ആർടിസി പ്രതിമാസം നിശ്ചിതമായ തുകയാണ് ടോൾ നിരക്കായി നൽകിയിരിക്കുന്നത്.

ഒരു മാസം 1050 രൂപയായിരുന്നു ആദ്യം നൽകിയതെങ്കിൽ അടുത്തിടെ കുത്തനെ ഉയർത്തിയിരുന്നു. നിലവിൽ ഒരു ബസിന് ഒരു മാസം കടന്നുപോകണമെങ്കിൽ 7310 രൂപയാണ് നൽകേണ്ടത്. 50 ദിവസങ്ങളായി ടോൾ നൽകാതെ കെഎസ്ആർടിസി കടന്നുപോയതോടെ 90 ലക്ഷം രൂപയാണ് കെഎസ്ആർടിസിക്ക് ലാഭിക്കാനായത്. പ്രതിദിനം കടന്നുപോകുന്ന ബസുകളിൽ 20 ശതമാനത്തിൽത്താഴെ മാത്രമാണ് ഒന്നിലേറെ തവണ ടോൾഗേറ്റ് കടക്കുക. ഒന്നിലേറെത്തവണ കടക്കുകയാണെങ്കിൽ രണ്ടാംപ്രവേശനം മുതൽ പാതിയാണ് ടോൾനിരക്ക്.