വില കണ്ട് കണ്ണുതള്ളി; 'ഒരു ലക്ഷത്തിന്റെ സാധനം' കൈമറിഞ്ഞ് വില്‍പ്പന നടത്തുന്നത് 60 ലക്ഷത്തിന്

Tuesday 23 September 2025 7:20 PM IST

കൊച്ചി: 1.13 കോടി രൂപ വിലവരുന്ന ടൊയോട്ട പ്രാഡോ കാര്‍ വില്‍പ്പന നടത്തിയ വില കണ്ട് അധികൃതര്‍ അന്തംവിട്ടുപോയി. രേഖകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഡീല്‍ നടന്നിരിക്കുന്നത് വെറും ഒരു ലക്ഷം രൂപയ്ക്ക്. അതായത് ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലക്കുറവുള്ള നാനോ കാറിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ജാപ്പനീസ് വാഹനഭീമന്‍മാരുടെ ലക്ഷ്വറി വണ്ടി വിറ്റിരിക്കുന്നു. ഹിമാചലില്‍ നിന്ന് ഡല്‍ഹിയിലെ കാര്‍ വ്യാപാരിക്ക് ഈ തുകയ്ക്ക് വിറ്റ കാര്‍ പലകൈ മറിഞ്ഞ് കേരളത്തില്‍ എത്തിയപ്പോള്‍ വിറ്റ് പോയത് 40 മുതല്‍ 60 ലക്ഷം വരെ രൂപയ്ക്ക്. എന്താണ് ഈ വിചിത്ര കച്ചവടത്തിന് പിന്നില്‍?

കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിലെ വാഹനപ്രേമികള്‍ക്ക് മറിച്ച് വില്‍ക്കുന്ന ഈ വണ്ടികള്‍ നമ്മുടെ നാട്ടിലെ നിരത്തുകളില്‍ അങ്ങോളമിങ്ങോളം ചീറിപ്പായുന്നുണ്ട്. എങ്ങനെയാണ് ഇത്രയും വില കുറച്ച് വണ്ടികള്‍ വില്‍ക്കാന്‍ കഴിയുന്നത്. അത് കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ 40 മുതല്‍ 60 ഇരട്ടി വരെയായി വില ഉയരുന്നത് ആണ് കസ്റ്റംസിനേയും കേന്ദ്ര ഇന്റലിജന്‍സിനേയും കുഴപ്പിക്കുന്നത്. ആഢംബര കാറുകളും വിന്റേജ് കാറുകളും വാങ്ങിക്കൂട്ടുന്ന സിനിമാ താരങ്ങളേയും യൂസ്ഡ് കാര്‍ വില്‍പ്പന നടത്തുന്ന ഏജന്റുമാരേയും കേന്ദ്രീകരിച്ചാണ് കസ്റ്റംസ് നടപടി.

നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് എത്തുന്ന വാഹനങ്ങളില്‍ നല്ലൊരു പങ്കും കേരളത്തിലേക്കാണ് വരുന്നത്. ഹിമാചല്‍ പ്രദേശില്‍ എത്തുന്ന വാഹനങ്ങള്‍ അവിടെ നിന്ന് ഡല്‍ഹിയില്‍ എത്തുകയും പിന്നീട് വിവിധ സംസ്ഥാനങ്ങളിലേക്ക് യൂസ്ഡ് കാര്‍ എന്ന ലേബലില്‍ വില്‍പ്പനയ്ക്കായി പോകുകയുമാണ് ചെയ്യുന്നത്. കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ പോയി യൂസ്ഡ് കാറുകള്‍ വാങ്ങി ഷോറൂമിലെത്തിച്ച് വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങള്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

വന്‍ റാക്കറ്റ് തന്നെ ഈ ഡീലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഭൂട്ടാനിലെ സൈന്യം ഉപയോഗിച്ച് ഉപേക്ഷിക്കുന്നത് എന്ന പേരിലാണ് പല കാറുകളും ഹിമാചലില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്നതും പിന്നീട് രാജ്യമൊട്ടാകെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതും. ഇത്തരം വാഹനങ്ങള്‍ എവിടെനിന്ന്, എങ്ങനെ കൊണ്ടുവരുന്നു എന്ന കാര്യം വാങ്ങുന്ന ആളുകള്‍ പലപ്പോഴും അറിയാറില്ല എന്നാണ് ഇതുസംബന്ധിച്ച് അധികൃതര്‍ പറയുന്നത്.