രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി; പരിവാഹന്‍ സൈറ്റില്‍ തിരിമറി നടത്തിയെന്ന് കസ്റ്റംസ് കമ്മീഷണര്‍
കൊച്ചി: ഓപ്പറേഷന്‍ നുംറോഖിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മീഷണര്‍. നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കുന്ന വാഹനങ്ങളില്‍ 200ന് അടുത്ത് എണ്ണം കേരളത്തില്‍ ഉണ്ടെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ് പറഞ്ഞു. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടത്തിയ പരിശോധന വിശദീകരിക്കുകയായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം.
ഭൂട്ടാനിലെ നിന്ന് വാഹനങ്ങള്‍ ഇന്ത്യയില്‍ അനധികൃതമായി എത്തിക്കുന്നതാണ് ഇവരുടെ രീതി. ഇന്ത്യന്‍ ആര്‍മിയുടെയും അമേരിക്കന്‍ എംബസിയുടെയും ഇന്ത്യന്‍ എംബസിയുടെയും പേര് ഉപയോഗിച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തി. നിയമവിരുദ്ധമായി നടക്കുന്ന ഇത്തരം വാഹനങ്ങളുടെ വില്‍പ്പനയില്‍ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞുവെന്നും കസ്റ്റംസ് കമ്മീഷണര്‍ വിശദീകരിച്ചു.
പരിവാഹന്‍ സൈറ്റില്‍ വരെ കൃത്രിമം കാണിച്ചാണ് വാഹനങ്ങളുടെ വില്‍പ്പന നടക്കുന്നത്. പലതിനും ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളാണ് പരിശോധിച്ചതെന്നും അതില്‍ ഒരെണ്ണം പിടിച്ചെടുത്തുവെന്നും ടിജു തോമസ് പറഞ്ഞു.പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകണമെന്നും പിഴ അടച്ച് കേസ് തീര്‍ക്കാന്‍ കഴിയില്ലെന്നും ദുല്‍ഖര്‍ സല്‍മാനും അമിത് ചക്കാലക്കലും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു.
വലിയ കുറ്റമാണെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി നേരിടേണ്ടിവരും. ചെറിയ കുറ്റമാണെങ്കില്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികളായിരിക്കും നേരിടേണ്ടിവരുക. നിയമവിരുദ്ധം എന്ന് ബോദ്ധ്യപ്പെട്ടാണ് 36 വാഹനങ്ങള്‍ പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു. ഒരെണ്ണം കസ്റ്റംസ് യാര്‍ഡിലേക്ക് കൊണ്ടുവന്നു. മറ്റൊരു കാര്‍ റോഡ് ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ കൊണ്ടുവരാന്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്നും ടിജു തോമസ് പറഞ്ഞു.